പത്തനംതിട്ട: സിൽവർ ലൈനിനെപ്പറ്റി വിശദീകരിക്കുന്നതിനും സംശയങ്ങൾ ദുരീകരിക്കുന്നതിനും സർക്കാർ നടത്തിയ ജനസമക്ഷം പരിപാടിയിൽ, പദ്ധതിയെ എതിർക്കുന്നവർ ആരും എത്തിയില്ല. അവരുടെ ആശങ്കകൾ ചോദ്യങ്ങളായി ഉന്നയിച്ചത്

സി.പി.എം നേതാക്കൾ.

പദ്ധതിക്കു വേണ്ടി ഭൂമി വിട്ടുകൊടുക്കുന്നവർക്ക് ഓരോ സ്ഥലത്തും ലഭിക്കുന്ന നഷ്ടപരിഹാരത്തെ സംബന്ധിച്ച് വിവരം നൽകണമെന്നായിരുന്നു സി.പി.എം ജില്ലാ കമ്മിറ്റി അംഗം പീലിപ്പോസ് തോമസിന്റെ ആവശ്യം. ഇത്തരത്തിൽ വിവരം നൽകാനാകില്ലെന്ന് മാനേജിംഗ് ഡയറക്ടർ പറഞ്ഞു. ഭൂമിയുടെ സാഹചര്യം അനുസരിച്ചും സമീപകാലത്തെ വിലയെ സംബന്ധിച്ചുമൊക്കെ അന്വേഷണം നടത്തി റവന്യുവകുപ്പാണ് വില നിശ്ചയിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മുളക്കുഴയിൽ നിർദേശിക്കപ്പെട്ടിരിക്കുന്ന സ്റ്റേഷന്റെ സ്ഥാനം പത്തനംതിട്ട ജില്ലയിലേക്കു മാറ്റിയിരുന്നെങ്കിൽ അതു ആ പ്രദേശത്തിന്റെ സമഗ്രവളർച്ചയ്ക്കു കൂടി കാരണമാകുമായിരുന്നില്ലേയെന്ന് സി.പി.എം നേതാവ് എൻ. രാജീവ് ചോദിച്ചു. തീരദേശ പാത നിർമ്മിച്ചതിനേ തുടർന്ന് കുട്ടനാട് മേഖലയിൽ വെള്ളപ്പൊക്ക കെടുതികൾ രൂക്ഷമായ സാഹചര്യം മുഖവിലയ്‌ക്കെടുക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. സനൽകുമാർ ആവശ്യപ്പെട്ടു. മതിൽപോലെ പാത കടന്നുപോകുമ്പോൾ ജലമൊഴുക്കിനു തടസമുണ്ടാകാമെന്ന ആശങ്ക എപ്രകാരം പരിഹരിക്കപ്പെടുമെന്ന് വിശദീകരിക്കണമെന്നും ആവശ്യമുയർന്നു.

എം.എൽ.എമാർ പങ്കെടുത്തില്ല

പരിപാടിയിൽ മന്ത്രി വീണാജോർജ് ഒഴികെ ജില്ലയിലെ എം.എൽ.എമാർ പങ്കെടുത്തില്ല. ജില്ലയിൽ തിരുവല്ല, അടൂർ നിയോജക മണ്ഡലങ്ങളിലൂടെയാണ് സിൽവർ ലൈൻ കടന്നുപോകുന്നത്. തിരുവല്ല എം.എൽ.എ മാത്യു ടി. തോമസ് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങൾ പറഞ്ഞു. ഒരു മാസം മുൻപേ ഏറ്റിരുന്ന എയിഡഡ് സ്കൂൾ മാനേജർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ ജനസമക്ഷം പരിപാടിയിൽ എത്താൻ കഴിയില്ലെന്ന് അടൂർ എം.എൽ.എ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചിരുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം അടിയന്തര യോഗത്തിനായി അദ്ദേഹം തിരുവനന്തപുരത്തേക്ക് പോയി. കോന്നി എം.എൽ.എ ജനീഷ് കുമാറും റാന്നി എം.എൽ.എ പ്രമോദ് നാരായണനും ശബരിമല മകരവിളക്കുമായി ബന്ധപ്പെട്ട യോഗങ്ങളിലായിരുന്നു.