റാന്നി: വഴിത്തർക്കവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചു.പഴവങ്ങാടി വട്ടാർകയം സ്വദേശികളായ ബൈജു സെബാസ്റ്റ്യൻ, സഹോദരൻ സൈജു സെബാസ്റ്റ്യൻ എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരേയും റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർ ഒളിവിലാണ്. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. തർക്കഭൂമിയോടു ചേർന്നുള്ള കിണറിൽ നിന്ന് വെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. സ്വന്തമായി വീടും ഭൂമിയുമില്ലാത്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ട എട്ടു കുടുംബങ്ങൾക്ക് വല്യത്ത് വർഗീസ് സൗജന്യമായി ഭൂമി നൽകിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വർഗീസ് നൽകിയ ഭൂമിയിലേക്കുള്ള വഴി ബൈജു സെബാസ്റ്റ്യൻ വില കൊടുത്തുവാങ്ങിയതാണെന്ന് അവകാശപ്പെടുകയും വഴിയടച്ച് ഗേറ്റ് സ്ഥാപിക്കുകയും ചെയ്തിരുന്നു.തുടർന്ന് പട്ടികജാതി വിഭാഗക്കാരെ ഭൂമിയിൽ പ്രവേശിപ്പിക്കുന്നത് തടഞ്ഞതായി ആരോപിച്ച് രാഷ്ട്രീയ സംഘർഷവും രൂപപ്പെട്ടു. തുടർന്നു സ്ഥലം സന്ദർശിച്ച പട്ടികജാതി കമ്മിഷൻ കേസെടുക്കുകയും ചെയ്തിരുന്നു.