15-panjipara
പഞ്ഞിപ്പാറയിൽ മകരജ്യോതി ദർശിക്കുന്ന ഭക്തർ

ചിറ്റാർ : പഞ്ഞിപ്പാറയിൽ മകരജ്യോതി ദർശിക്കാൻ തിരക്കേറി. ആങ്ങമൂഴി ജംഗ്ഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരെ വലിയകയറ്റം കയറിയെത്തുമ്പോഴുള്ള പഞ്ഞിപ്പാറ ശിവക്ഷേത്രവും പരിസരവുമാണ് ജ്യോതി ദർശനത്തിന് വേദിയായത്.
ചിറ്റാർ,സീതത്തോട് പഞ്ചായത്തുകളിലുള്ളവർക്ക് പുറമെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരും ഉണ്ടായിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായാണ് ഇവിടെ ജ്യോതി ദർശനത്തിന് സൗകര്യമൊരുങ്ങിയത്.
തിങ്കളാഴ്ച വൈകിട്ട് മുതൽ തന്നെ ഭക്തർ എത്തിയിരുന്നു. അയ്യപ്പ കീർത്തനങ്ങൾപാടിയും ശരണംവിളിച്ചും കർപ്പൂരദീപങ്ങൾ കത്തിച്ചും ഭക്തിസാന്ദ്രമായിരുന്നു.
പൊലീസും ഫയർഫോഴ്‌സും റവന്യു, വനം , ആരോഗ്യം വകുപ്പുകളും സീതത്തോട് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.