പത്തനംതിട്ട : ജില്ലയിലെ വിവിധ ഹോമിയോ ഡിസ്പെൻസറികളിലേക്കുള്ള മരുന്നുകൾ ശേഖരിച്ച് വയ്ക്കുന്നതിനുള്ള ഹോമിയോ മെഡിക്കൽ സെന്റർ കെട്ടിടത്തിന്റെ നിർമ്മാണം ഇലന്തൂരിൽ ആരംഭിച്ചു. ഇലന്തൂർ ഹോമിയോ ഡിസ്പെൻസറിയ്ക്ക് സമീപമുള്ള സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്. അനുമതി ലഭിച്ചിട്ട് ഒരു വർഷമായെങ്കിലും കൊവിഡ് സാഹചര്യങ്ങളൊക്കെയായി പണി നീണ്ടുപോകുകയായിരുന്നു. 1305 ചതുരശ്ര അടിയിൽ മൂന്ന് നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്.
2017 - 2018 സാമ്പത്തിക വർഷത്തിലെ സർക്കാരിന്റെ പ്ലാൻ ഫണ്ടിലാണ് പുതിയ മെഡിക്കൽ സ്റ്റോറിന് അനുമതി ലഭിക്കുന്നത്. 2019 ൽ കെട്ടിടത്തിന് അനുമതി ലഭിച്ചു. അന്ന് സ്ഥലം കണ്ടെത്തിയിരുന്നില്ല. പകരം കുറ്റൂർ ഹോമിയോ ഡിസ്‌പെൻസറിയിലെ ഒരുമുറി ഇതിനായി തിരഞ്ഞെടുത്തു. ജില്ലയിലേക്കുള്ള എല്ലാ ഡിസ്‌പെൻസറികളിലേക്കും മരുന്നുകൾ വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്. 2021 സെപ്തംബറിലാണ് തറക്കല്ലിട്ട് നിർമ്മാണം തുടങ്ങുന്നത്. ജില്ലയിൽ 35 ഹോമിയോ ഡിസ്പെൻസറികളും കൊറ്റനാട് ഹോമിയോ ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെ നാഷണൽ ഹെൽത്ത് മിഷന്റെ 22 ഹോമിയോ ആശുപത്രികളും ജില്ലയിലുണ്ട്.
മൂന്ന് നിലകളിൽ താഴത്തെ നില പാർക്കിംഗിനും രണ്ടാമത്തെ നില മെഡിക്കൽ ഓഫീസർക്കും മറ്റ് സ്റ്റാഫുകൾക്കും. ബാക്കിയുള്ള മുറിയിൽ മരുന്നും ശേഖരിക്കും. മൂന്നാമത്തെ നിലയിൽ പൂർണമായും മരുന്നുകൾ സൂക്ഷിക്കാനുള്ളതാണ്.
കെട്ടിടത്തിന്റെ നിർമ്മാണ ചെലവ് : 45 ലക്ഷം രൂപ
ജില്ലയിലെ ഹോമിയോ ഡിസ്പെൻസറികൾ : 35 ,
നാഷണൽ ഹെൽത്ത് മിഷന്റെ 22 ഹോമിയോ ആശുപത്രികൾ പ്രവർത്തിക്കുന്നു.
സ്ഥല സൗകര്യം വർദ്ധിക്കും
കുറ്റൂരിൽ മരുന്നുകൾ ശേഖരിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു. പുതിയ കേന്ദ്രം വരുമ്പോൾ കൂടുതൽ മരുന്നുകൾ ശേഖരിക്കാനാകും. പ്രത്യേകം റാക്ക് ക്രമീകരിച്ചാണ് മരുന്ന് സൂക്ഷിക്കുക.
"പുതിയ നിയമനങ്ങൾ ഒന്നും നടക്കില്ല. കെട്ടിടം പണി പൂർത്തിയായാൽ നിലവിലുള്ള സ്റ്റാഫുകൾ ഇലന്തൂരിലേക്ക് മാറും. കരാർ അടിസ്ഥാനത്തിലുള്ള ജീവനക്കാരാണിത്. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണച്ചുമതല. ആറ് മാസത്തിനുള്ളിൽ കെട്ടിടം പൂർത്തീകരിക്കാനാണ് ശ്രമം. "
ഡോ. ഡി.ബിജു കുമാർ
ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ )