 
പത്തനംതിട്ട : മകരജ്യോതി ദർശനം കഴിഞ്ഞ് മടങ്ങിയ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 9 പേർക്ക് പരിക്ക്. ഇന്നലെ പുലർച്ചെ 3 ന് ളാഹ വലിയ വളവിലായിരുന്നു അപകടം. തമിഴ്നാട് ഇ റോഡിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ബസിൽ ഡ്രൈവറടക്കം 11 പേർ ഉണ്ടായിരുന്നു. പരിക്കേറ്റ 7 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവശിപ്പിച്ചു. ഇ റോഡ് സ്വദേശികളായ നവീൻ (12), ഹരിഹരസുധ (34), അലക്സാണ്ടർ (32), മുബാറക് (50), യുനൈസ് (13), ചന്ദ്രശേഖർ (53), തമിഴരശി (60) എന്നിവരാണ് ജനറൽ ആശുപത്രിയിലുള്ളത്. കേശവമൂർത്തി (16), രാജേന്ദ്രൻ (57) എന്നിവരാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. വളവ് തിരിഞ്ഞ് വരുന്നതിനിടെ ബ്രേക്ക് കിട്ടാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ മുബാറക് പറഞ്ഞു.