lic-road
പത്തനംതിട്ട കോളേജ് ജംഗ്ഷനിലെ എൽ ഐ സി റോഡ് തകർന്ന നിലയിൽ

പത്തനംതിട്ട : കോളേജ് ജംഗ്ഷനിലെ മണ്ണാറമല - എൽ.ഐ.സി റോഡ് തകർന്നിട്ട് നാളുകൾ. ടാർ ചെയ്ത റോഡ് പൊട്ടി പൊളിഞ്ഞ് കിടക്കുകയാണ്. നഗരസഭ 29-ാം വാർഡിലെ റോഡാണിത്. കോളേജ് ജംഗ്ഷനിൽ നിന്ന് ഈ റോഡിലേക്ക് കയറുന്നിടത്ത് വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കോൺക്രീറ്റ് ചെയ്ത ഭാഗത്തെ പാളികൾ വലിയ രീതിയിൽ അടർന്ന് റോഡിൽ കിടക്കുന്നുണ്ട്. ഇത് നീക്കം ചെയ്യാൻ പോലും ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ല. റോഡിൽ ഇത്തരത്തിൽ കുഴി രൂപപ്പെട്ടിട്ട് ഒരു വർഷം കഴിഞ്ഞു. ബന്ധപ്പെട്ട ജനപ്രതിനിധിയോട് ഇക്കാര്യം നിരവധി തവണ അറിയിച്ചെങ്കിലും യാതൊരു തീരുമാനവുമെടുത്തിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. നഗരസഭാ ഫണ്ട് കൃത്യമായി വിനിയോഗിക്കാത്തതാണ് കാരണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ജനപ്രതിനിധിയടക്കം യാത്ര ചെയ്യുന്ന റോഡ് കൂടിയാണിത്. ധാരാളം ആളുകൾ ആശ്രയിക്കുന്ന റോഡായിട്ട് കൂടി മണ്ണിട്ട് ഉറപ്പിക്കാൻ പോലും ശ്രമം നടക്കുന്നില്ല.

ജനപ്രതിനിധി ഇതൊന്നും കണ്ട മട്ടില്ല

മണ്ണാറമല, കരിമ്പനാക്കുഴി ഭാഗത്തേക്കുള്ള ആളുകൾ ഈ റോഡിൽ കൂടിയാണ് യാത്ര ചെയ്യുന്നത്. കാറുകളും ഇരുചക്ര വാഹനങ്ങളും ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവാണ്. സ്കൂൾ വിദ്യാർത്ഥികളും കോൺക്രീറ്റിൽ തട്ടി വീണിട്ടുണ്ട്. ജനപ്രതിനിധി ഇതൊന്നും കണ്ട മട്ടില്ല. പല തവണ എസ്റ്റിമേറ്റ് എടുക്കാനെണെന്ന് വിശ്വസിപ്പിച്ചെങ്കിലും ഈ റോഡിന്റെ പണി പൂർത്തീകരിക്കാൻ ജനപ്രതിനിധിയടക്കം ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. എൽ.ഐ.സി ഓഫീസ് ഇതിന് സമീപമാണ്. നിരവധി ജീവനക്കാർ ദിവസവും യാത്ര ചെയ്യുന്നതും ഈ റോഡിൽ കൂടിയാണ്.