thodu
പെരിങ്ങര തോട്ടിൽ കാവുംഭാഗം പാലത്തിന് സമീപം വാരിക്കൂട്ടിയ ചെളിയിടിഞ്ഞു വീണ് തുരുത്ത് രൂപപ്പെട്ടനിലയിൽ

തിരുവല്ല: പെരിങ്ങര - കണ്ണാട്ടുകുഴി തോട് ശുചീകരണത്തിന്റെ ഭാഗമായി വാരിക്കൂട്ടിയ ചെളി വീണ്ടും തോട്ടിൽ നിറഞ്ഞു. കാവുംഭാഗം - പെരിങ്ങര റോഡിലെ കാവുംഭാഗം പാലം മുതൽ കണ്ണാട്ടുകുഴി ഭാഗത്ത് കഴിഞ്ഞ ഏപ്രിലിൽ ചെയ്ത നവീകരണ പ്രവൃത്തികളാണ് ഉദ്ദേശിച്ച ഫലംകാണാതെ പാളിയത്. ജെ.സി.ബിയുടെ സഹായത്തോടെ തോട്ടിൽനിന്ന് വാരിനീക്കിയ ചെളിയും എക്കലും തോടിന്റെ അരികിൽത്തന്നെയാണ് നിക്ഷേപിച്ചത്. എന്നാൽ തുടർന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഇവ വീണ്ടും ഒഴുകി തോട്ടിലേക്ക് പതിച്ചു. കാവുംഭാഗം പാലത്തിന് സമീപത്തെ തോടിന്റെ വീതികൂടിയ ഭാഗത്ത് വൻതോതിലാണ് ഇങ്ങനെ ചെളിവാരിക്കൂട്ടിയിരുന്നത്.

ഇവിടെ ചെളിയിടിഞ്ഞുവീണ് തോട്ടിൽ പലയിടത്തും തുരുത്തുകൾ രൂപപ്പെട്ടിരിക്കുകയാണ്. മറ്റിടങ്ങളിലും ചെളിയും എക്കലും നിറഞ്ഞ് തോടിന്റെ ആഴവും വീതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പും ഇവിടെ തോട്ടിൽനിന്ന് നീക്കിയ ചെളി വീണ്ടും ഇടിഞ്ഞുവീണ് തോടിന്റെ നടുക്ക് തുരുത്തുപോലെ രൂപപ്പെട്ടിരുന്നു.

ഈ പ്രശ്‌നം അധികൃതരെ അറിയിച്ചെങ്കിലും വാരിക്കൂട്ടിയ ചെളി തോടിന്റെ അരികിൽ നിന്ന് മാറ്റാൻ നടപടിയുണ്ടായില്ല. ഇതുകാരണമാണ് ലക്ഷങ്ങൾ ചെലവഴിച്ചിട്ടും തോടിന് ആഴവും വീതിയും കൂടാത്തതെന്ന് സമീപവാസികൾ പറയുന്നു. തോട്ടിൽനിന്ന് വാരിയിടുന്ന ചെളി ഇവിടെനിന്ന് നീക്കം ചെയ്യണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടിരുന്നതാണ്. ചെളി വീണ്ടും രൂപപ്പെടുന്നത് തോടിന്റെ സുഗമമായ നീരൊഴുക്കിനെയും സാരമായി ബാധിച്ചു. പടിഞ്ഞാറൻ മേഖലയിൽ കൃഷിക്ക് ഉൾപ്പെടെ വെള്ളത്തിന് ആശ്രയിക്കുന്ന തോടാണിത്. 2018ലെ പ്രളയം മുതൽ അടിഞ്ഞുകൂടിയ എക്കൽ കാരണം മുൻവർഷങ്ങളിൽ തോട് വറ്റിവരണ്ട സ്ഥിതിയുണ്ടായി. ഇത്തവണയും വേനൽ കടുത്തതോടെ തോട് വറ്റിവരളുന്ന സ്ഥിതിയാണ്. കൂടാതെ പലയിടത്തും തോട്ടിലേക്ക് മുളയും മറ്റും മറിഞ്ഞുവീണു കിടക്കുന്നതിനാൽ വള്ളത്തിന് പോലും കടന്നുപോകാൻ ബുദ്ധിമുട്ടാണ്. മത്സ്യബന്ധനത്തിനായി സ്ഥാപിച്ച പെരുംകൂടുകളും മറ്റും നീക്കാത്തതും തോട്ടിലെ നീരൊഴുക്ക് തടസപ്പെടുത്തുന്നതായി പരാതി ഉയർന്നിരുന്നു.

കൽപ്പടവുകൾ നിർമ്മിക്കും


ഹരിതകേരളം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ പ്ലാൻഫണ്ടിൽ നിന്ന് അനുവദിച്ച 20ലക്ഷം രൂപ ചെലവഴിച്ചാണ് പെരിങ്ങര-കണ്ണാട്ടുകുഴി തോട്ടിലെ ചെളിനീക്കിയത്. പെരിങ്ങര പി.എം.വി.ഹൈസ്‌കൂൾ വളപ്പിൽ ആരംഭിച്ച പച്ചത്തുരുത്തിൽ നിന്ന് തോട്ടിലേക്ക് ഇറങ്ങുന്നതിനുളള കൽപ്പടവുകളുടെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ നിർമ്മാണം വെള്ളപ്പൊക്കത്തെ തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ നടന്നില്ല. കൽപ്പടവുകളുടെ നിർമ്മാണ ജോലികൾ ഉടനെ തുടങ്ങുമെന്ന് മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു.