അടൂർ : കടമ്പനാട് പഞ്ചായത്തിലെ നാലുതുണ്ടിൽ പ്രദേശത്തെ ജനങ്ങളുടെ നാൽപത്തിഅഞ്ച് വർഷത്തോളമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് കടമ്പനാട് നാലുതുണ്ടിൽ മേൽത്തുരുത്തി ഏലാ - കനാൽ പാലം യാഥാർത്ഥ്യമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.ഐ നേതാവുമായ എസ് .രാധാകൃഷ്ണൻ മുഖേന എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാറിന് നൽകിയ നിവേദനത്തെ തുടർന്നാണ് എം.എൽ.എ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ച് പാലം നിർമ്മിച്ചത്. ജില്ലാ നിർമ്മിതികേന്ദ്രത്തിനായിരുന്നു പദ്ധതി ചുമതല. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് .രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവിക്കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്തംഗം വിമലാ മധു , ഗ്രാമപഞ്ചായത്തംഗം ടി.പ്രസന്നകുമാർ, മുൻ പഞ്ചായത്തംഗം ആർ.സുരേഷ് കുമാർ, റ്റി .ആർ ബിജു, എസ്. പ്രഭാകരൻപിള്ള, ജി. കുട്ടപ്പൻ, സി .ഗോപിനാഥൻ കടമ്പ്, സി. അനീഷ് തുടങ്ങിയവർ സംസാരിച്ചു.