 
തിരുവല്ല: പൊടിയാടിയിൽ വൈക്കോൽ കയറ്റിവന്ന ലോറിക്ക് തീപിടിച്ചത് പരിഭ്രാന്തിയുണ്ടാക്കി. ആളപായമില്ല. തിരുവല്ല ഭാഗത്ത് നിന്ന് മാവേലിക്കര റൂട്ടിലേക്ക് വൈക്കോൽ കയറ്റിപ്പോയ നാഷണൽ പെർമിറ്റ് ലോറിക്കാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക്ശേഷം മൂന്നിന് പൊടിയാടി പാലത്തിന് സമീപമാണ് സംഭവം. ലോറിയിൽ അട്ടിയടുക്കിവച്ചിരുന്ന വൈക്കോൽ കെട്ടിന് തീപടർന്നു പിടിക്കുകയായിരുന്നു. മറ്റ് യാത്രക്കാർ പറഞ്ഞാണ് ഡ്രൈവർ തീപിടിച്ച വിവരം അറിഞ്ഞത്. തുടർന്ന് നാട്ടുകാരും വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്‌സും ചേർന്ന് വൈക്കോൽ കെട്ടുകൾ വാഹനത്തിൽ നിന്ന് താഴെ തള്ളിയിട്ടശേഷം തീയണയ്ക്കുകയായിരുന്നു. തീപിടിച്ച് വൈക്കോൽ നീറിപ്പുകഞ്ഞതിനെ തുടർന്ന് സമീപത്താകെ ഏറെനേരം പുകയുയർന്നു. തിരുവല്ല ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ആർ. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനത്തിലേക്ക് തീപിടിക്കാതെ ഒന്നര മണിക്കൂറിലേറെ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ തീ പൂർണമായി അണച്ചത്. വാഹനത്തിന്റെ പിന്നിൽ ഉയരത്തിൽ കെട്ടി സൂക്ഷിച്ചിരുന്ന വൈക്കോൽ വൈദ്യുത ലൈനിൽ തട്ടിയുണ്ടായ ഉരസിൽ തീപ്പൊരിയുണ്ടായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ എണ്ണയ്ക്കാട് പെരുങ്ങാഴിപുരം മേലുപ്ലാവിലയിൽ പ്രവീൺകുമാറാണ് വാഹനം ഓടിച്ചത്. ഫയർഫോഴ്‌സിന്റെ തിരുവല്ലയിലെ രണ്ട് യൂണിറ്റും ചങ്ങനാശേരി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ ഓരോ യൂണിറ്റും സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തെ തുടർന്ന് പൊടിയാടി-മാവേലിക്കര റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.