
ശബരിമല : എരുമേലിയിൽ പേട്ടതുള്ളി പരമ്പരാഗത പാതവഴിയെത്തിയ അമ്പലപ്പുഴ - ആലങ്ങാട് സംഘം നടത്തിയ ശീവേലി ഇന്നലെ വൈകിട്ട് സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി. അമ്പലപ്പുഴസംഘത്തിന്റേതായിരുന്നു ആദ്യശീവേലി. മാളികപ്പുറം മേൽശാന്തി പൂജിച്ചുനൽകിയ തിടമ്പ് ജീവതയിലെഴുന്നെള്ളിച്ചാണ് വൈകിട്ട് അഞ്ചുമണിയോടെ മണിമണ്ഡപത്തിൽ നിന്ന് സന്നിധാനത്തേക്ക് ശീവേലി നടത്തിയത്. പന്തളത്ത് നിന്ന് തിരുവാഭരണത്തോടൊപ്പം വന്ന കൊടിക്കൂറ, കുട എന്നിവ കൂടാതെ വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സമൂഹ പെരിയോൻ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലായിരുന്നു എഴുന്നെള്ളത്ത്. പതിനെട്ടാംപടിക്കൽ എത്തിയപ്പോൾ പടി കഴുകി വൃത്തിയാക്കി പതിനെട്ടുപടികളിലും കർപ്പൂരദീപം തെളിച്ച് കർപ്പൂരാരതി നടത്തി. തുടർന്ന് സമൂഹപെരിയോൻ പതിനെട്ടാംപടിക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. ക്ഷേത്ര പ്രദക്ഷിണം ചെയ്ത് മാളികപ്പുറത്ത് എഴുന്നെള്ളത്ത് സമാപിച്ചു. തിരികെയെത്തി തിരുവാഭരണം ചാർത്തിയ അയ്യപ്പവിഗ്രഹം ദർശിച്ച് വിരിയിൽ കർപ്പൂരാഴി പൂജ നടത്തിയതോടെ പത്ത് നാൾ നീണ്ട അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീർത്ഥാടനം സമാപിച്ചു. മകരവിളക്ക് ദിവസം രാവിലെ നെയ്യഭിഷേകവും അത്താഴപൂജയ്ക്ക് എള്ളുപായസം മഹാനിവേദ്യമായും നടത്തിയിരുന്നു.
തുടർന്നായിരുന്നു ആലങ്ങാട്ട് സംഘത്തിന്റെ ശീവേലി എഴുന്നെള്ളത്ത്. കൊടി, ഗോളക എന്നിവയും കർപ്പൂര താലമേന്തിയ സംഘാംഗങ്ങളും സമൂഹപെരിയോൻ എ. കെ. വിജയകുമാറിന്റെ നേതൃത്വത്തിൽ പതിനെട്ടാംപടിയിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തി. പതിനെട്ട് പടികളിലും കർപ്പൂരദീപം തെളിച്ച് പ്രാർത്ഥിച്ചു. വെളിച്ചപ്പാട് തുള്ളി കൽപ്പന പറഞ്ഞതോടെ സമൂഹപെരിയോനും വെളിച്ചപ്പാടും ഗോളകനയിച്ചവരും പടികയറി ശ്രീകോവിലിന് മുന്നിലെത്തി അയ്യപ്പനെ വണങ്ങി പ്രസാദംവാങ്ങി. അഞ്ഞൂറോളം വരുന്ന സംഘാംഗങ്ങൾ ഇരുമുടിക്കെട്ടിൽ കൊണ്ടുവന്ന ദ്രവ്യങ്ങൾ ഇന്ന് അയ്യപ്പന് നേദ്യമായി സമർപ്പിക്കും. രാവിലെ നെയ്യഭിഷകവും ഉച്ചപൂജയോടനുബന്ധിച്ച് പന്തിരുനാഴി നേദ്യവും അത്താഴപൂജയ്ക്ക് അരവണയും അപ്പവും തയ്യാറാക്കി നേദിക്കും. തുടർന്ന് സംഘാംഗങ്ങൾക്ക് പ്രസാദം വിതരണം ചെയ്യുന്നതോടെ ആലങ്ങാട് സംഘങ്ങളും ചടങ്ങുകൾ പൂർത്തിയാക്കി മലയിറങ്ങും.