പത്തനംതിട്ട: ജില്ലാ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പിൽ പൊലീസ് അന്വേഷണം വൈകുന്നു. തട്ടിപ്പ് നടത്തിയ ജീവനക്കാർക്ക് എതിരായ നടപടി സസ്‌പെൻഷനിലൊതുക്കാൻ ഭരണകക്ഷി യൂണിയൻ നേതാക്കൾ ട്രഷറി ഡയറക്ടറേറ്റിൽ സമ്മർദ്ദം ചെലുത്തിയതായി ആക്ഷേപം ഉയർന്നു. എട്ട് ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ട്രഷറി ഡെപ്യൂട്ടി ഡയറക്ടർക്ക് ബോദ്ധ്യപ്പെട്ടിട്ടും തട്ടിപ്പിന് നേതൃത്വം നൽകിയ ജീവനക്കാരനെ പിടികൂടിയിട്ടില്ല. ഇതുസംബന്ധിച്ച് റാന്നി പെരുനാട് പൊലീസ് കേസെടുത്തിരുന്നു.
മരണമടഞ്ഞ ഓമല്ലൂർ സ്വദേശിനിയായ പെൻഷണറുടെ പേരിൽ വ്യാജമായി ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചാണ് തട്ടിപ്പ് നടത്തിയത്. പെൻഷണറുടെ നാല് സ്ഥിരനിക്ഷേപങ്ങളിൽ ഒന്ന് കാലാവധി പൂർത്തിയാകും മുൻപ് ക്ലോസ് ചെയ്തു. ആ തുകയും പെൻഷണറുടെ പേരിൽ നിലനിന്നിരുന്ന മറ്റ് മൂന്ന് സ്ഥിരനിക്ഷേപങ്ങളുടെ പലിശ തുകയും വ്യാജ അക്കൗണ്ടിലേക്ക് വരവ് ചെയ്തതായി കണ്ടെത്തിയിരുന്നു. പല തവണകളായി 8,13,000 രൂപ പിൻവലിച്ചതായി ഡെപ്യൂട്ടി ഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടു. ഇതേതുടർന്നാണ് സസ്‌പെൻഷൻ നടപടി. കോന്നി സബ് ട്രഷറി ഓഫീസർ രജി.കെ.ജോൺ, ജില്ലാ ട്രഷറി ജൂനിയർ സൂപ്രണ്ട് കെ.ജി.ദേവരാജൻ,
റാന്നിപെരുനാട് സബ് ട്രഷറി ട്രഷറർ സി.ടി.ഷഹീർ, ജില്ലാ ട്രഷറി ജൂനിയർ അക്കൗണ്ടന്റ് ആരോമൽ അശോകൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. വ്യാജ അക്കൗണ്ട് നിർമ്മിച്ചതും പണം തട്ടിയെടുത്തതും പെരുനാട് സബ് ട്രഷറി ട്രഷറർ സി.ടി.ഷഹീർ ആണെന്നാണ് മറ്റുള്ളവർ പറയുന്നത്. ട്രഷറിയിലെ സഹപ്രവർത്തകരുടെ പാസ് വേർഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും മറ്റു മൂന്നുപേരും ഇയാളുടെ തട്ടിപ്പിൽ ബലിയാടുകളായെന്നും ആരോപണമുണ്ട്.
തട്ടിപ്പിൽ പങ്കാളികളായവർ ഭരണകക്ഷി യൂണിയൻ അംഗങ്ങളാണ്.