 
ചെങ്ങന്നൂർ: ബി.ആർ.സി യുടെ നേതൃത്വത്തിൽ അധിക പിന്തുണ ആവശ്യമുള്ള ഭിന്നശേഷി വിഭാഗം കുട്ടികൾക്കായി പാണ്ടനാട് പഞ്ചായത്ത് പരിധിയിൽ കീഴ് വന്മഴി ജെ.ബി സ്‌കൂളിൽ സ്‌പെഷ്യൽ കെയർ സെന്റർ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആശ.വി.നായർ സെന്റർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെയിൻ ജിനു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ജി.കൃഷ്ണകുമാർ, ബി.ആർ.സി ട്രെയിനർമാരായ കെ.ബൈജു,പ്രവീൺ വി.നായർ, ക്ലസ്റ്റർ കോർഡിനേറ്റർ വി.ഹരിഗോവിന്ദ്, പഞ്ചായത്തംഗം വിജയമ്മ, പ്രഥമാദ്ധ്യാപകൻ കെ.എം ഷാജി എന്നിവർ പ്രസംഗിച്ചു. പാണ്ടനാട് പഞ്ചായത്ത് അക്കാദമിക പിന്തുണയോടൊപ്പം വ്യക്തിഗതമായ അധിക പിന്തുണാസംവിധാനം എന്ന നിലയിലാണ് എല്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും സ്‌പെഷ്യൽ കെയർ സെന്ററുകൾ ആരംഭിക്കുന്നത്. ഓരോ കുട്ടിയുടെയും വൈകല്യത്തിന്റെ സ്വഭാവമനുസരിച്ചുള്ള പഠനോപകരണങ്ങൾ ഉപയോഗിച്ച് പരിശീലനം നൽകുന്നു. നിലവിൽ ഓട്ടിസം സെന്റർ കേന്ദ്രീകരിച്ച് നൽകുന്ന വിവിധ തെറാപ്പി സേവനങ്ങളും എല്ലാ പ്രദേശത്തെയും കുട്ടികളിലേക്ക് എത്തിക്കുന്നതിന് സ്‌പെഷ്യൽ കെയർ സെന്ററുകൾ സഹായകരമാകും. ഭിന്നശേഷി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണം, നൈപുണിവികസന പരിപാടികൾ, തൊഴിൽ പരിശീലനം എന്നിവയ്ക്കും സ്‌പെഷ്യൽ കെയർ സെന്ററുകൾ നേതൃത്വം നൽകും.