കോഴഞ്ചേരി : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ കാവൽ മലകളിൽ വടക്ക് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന നെടുംപ്രയാർ മലയച്ഛൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമ്മം ഇന്ന് നടക്കും. ശനിയാഴ്ച ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട വിഗ്രഹ ഘോഷയാത്ര വൈകിട്ട് അഞ്ചിന് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു. ശനിയാഴ്ച വൈകിട്ടത്തേയും ഞയറാഴ്ചത്തേയും പ്രതിഷ്ഠാ ക്രിയകൾ പൂർത്തിയാക്കിയ ക്ഷേത്രത്തിൽ ഇന്ന് രാവിലെ പ്രതിഷ്ഠയ്ക്ക് മുന്നോടിയായ ക്രിയകൾ നടക്കും. 12.10നും 12.30നും മദ്ധ്യേയുളള മുഹൂർത്തത്തിൽ മലയച്ഛന്റെ പ്രതിഷ്ഠാ കർമ്മം, അഷ്ടബന്ധ സ്ഥാപനം, നിദ്രാകലശാഭിഷേകം, പൂജ, പഞ്ചവിംശതി കലശാഭിഷേകത്തോടെ നിത്യപൂജ, പടിത്തര സമർപ്പണം എന്നിവയ്ക്ക് ക്ഷേത്ര തന്ത്രി മുഖ്യ കാർമ്മികത്വം വഹിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന ക്ഷേത്ര സമർപ്പണവും പൊതു സമ്മേളനവും ദേവസ്വം ബോർഡംഗം അഡ്വ.മനോജ് ചരളേൽ ഉദ്ഘാടനം ചെയ്യും. എസ്.അജിത്കുമാർ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് നടക്കുന്ന ദീപാരാധനയോടെ ചടങ്ങുകൾ സമാപിക്കുമെന്ന് ഭാരവാഹികളായ സജീവ് എസ്.കുറുപ്പ്, സജികുമാർ, ടി.കെ.ചന്ദ്രൻ, സുരേഷ് എടൂർ, അഭിലാഷ് വിജയൻ എന്നിവർ അറിയിച്ചു.