അടൂർ: അടൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ യു.പി.,ഹൈസ്കൂൾ വിഭാഗങ്ങളിൽ പെൺകുട്ടികളെയും പ്രവേശിപ്പിക്കാൻ അനുമതി നൽകണമെന്നാനാവശ്യപ്പെട്ട് അദ്ധ്യാപക - രക്ഷാകർതൃ സമിതി പ്രമേയം പാസാക്കി. സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ പെൺകുട്ടികളെയും പ്രവേശിപ്പിക്കുന്നുണ്ട്. എന്നാൽ യു.പി.,ഹൈസ്കൂൾ വിഭാഗങ്ങളിൽ ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം .1917ൽ സ്കൂൾ ആരംഭിച്ചപ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരുന്നു. കുട്ടികളുടെ എണ്ണം കൂടിയപ്പോൾ 1962ൽ സ്കൂൾ വിഭജിച്ച് ബോയ്സ്, ഗേൾസ് സ്കൂളുകയി രണ്ടായി മാറ്റുകയായിരുന്നു. പിന്നീട് 1997ൽ ഹയർസെക്കൻഡറി തുടങ്ങിയപ്പോൾ പ്ലസ് വൺ ക്ലാസുകളിൽ പെൺകുട്ടികളെയും പ്രവേശിപ്പിച്ചു തുടങ്ങി. അപ്പോഴും യു.പി.,ഹൈസ്കൂൾ ക്ലാസുകളിൽ പെൺകുട്ടികളുടെ പ്രവേശന നിഷേധം തുടർന്നു. വിവേചനം അവസാനിപ്പിച്ച് ആൺ പള്ളിക്കൂടം ആയ സ്കൂളിലെ യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ പെൺകുട്ടികളെ പ്രവേശിപ്പിക്കുന്നതിന് സർക്കാർ അനുമതി തരണമെന്ന് പി.ടി.എ.ഐകകണ്ഠേന പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി പി.ആർ.ഗിരീഷ് പ്രമേയം അവതരിപ്പിച്ചു.പി.ടി.എ. പ്രസിഡണ്ട് കെ.ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.എസ്.എം.സി. ചെയർമാൻ അഡ്വ.കെ.ബി.രാജശേഖര കുറുപ്പ്, പ്രിൻസിപ്പൽ സജി വറുഗീസ്, പ്രഥമാദ്ധ്യാപകൻ കെ.വിമൽകുമാർ, സുനിൽ മൂലയിൽ, ബിനോയ് സ്കറിയ ,ഡി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.