 
കടമ്പനാട്ട്: തുവയൂരിൽ പ്രളയബാധിതർക്ക് മുത്തൂറ്റ് ഗ്രൂപ്പ് പണിത വീടുകൾ കൈമാറി. തുവയൂർ ജംഗ്‌ഷന് തെക്ക് വശമുള്ള കനാൽ പുറം പോക്കിലാണ് പ്രളയ ബാധിതർക്ക് നൽകാൻ വീട് വെക്കാൻ മുത്തൂറ്റ് ഗ്രൂപ്പിന് സർക്കാർ സ്ഥലം അനുവദിച്ചത്. എട്ട് വീടുകൾ ഇവിടെ മുത്തൂറ്റ് ഗ്രൂപ്പ് പണിതു. രേഖാമൂലം ജില്ലാ ഭരണകൂടത്തിന് കൈമാറി. എന്നാൽ മൂന്ന് വർഷം കഴിഞ്ഞിട്ടും വീടുകൾ പ്രളയ ബാധിതർക്ക് നൽകാൻ ജില്ലാ ഭരണകൂടം തയാറായില്ല. വീടുകൾക്ക് ചുറ്റും കാട് വളർന്ന് ഇഴജന്തുക്കളുടെ താവളമായി മാറിയത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് അടൂർ ആർ ഡി.ഒ.എ തുളസീധരൻ പിള്ള സ്ഥലം സന്ദർശിച്ച് ഫയൽ പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ചയെ തുടർന്ന് സ്ഥലം പട്ടയ കുരുക്കിലാണെന്ന് മനസിലായത്. സീറോ ലാൻഡ് പദ്ധതി പ്രകാരം മൂന്ന് സെന്റ് സ്ഥലം വീതം ഇവിടെ 61പേർക്ക് നൽകാൻ റവന്യു വകുപ്പ് സർവേനടത്തി സ്കെച്ച് തയാറാക്കിയിരുന്നു. എന്നാൽ കടമ്പനാട് വില്ലേജിൽപ്പെട്ട എട്ട് പേർക്ക് മാത്രമാണ് ഇവിടെ പട്ടയം നൽകിയത്. പട്ടയം കിട്ടിയവർ വില്ലേജിലെത്തി പോക്കുവരവ് നടത്തുകയോ പേരിൽ കൂട്ടി കരം അടക്കുകയോ ചെയ്തില്ല. പ്രളയബാധിതർക്കായി മുത്തൂറ്റ് ഗ്രൂപ്പ് വീടുകൾ വെച്ച് നൽകാമെന്ന് പറഞ്ഞപ്പോൾ ഇവിടെ തന്നെയാണ് സ്ഥലം അനുവദിച്ചത്. മുത്തൂറ്റ് പണിത വീടുകളിൽ നാലെണ്ണം കടമ്പനാട് വില്ലേജിൽ പട്ടയം കിട്ടിയ നാലു പേരുടെ ഭൂമികളിൽ കയറിയിറങ്ങിയാണ് നിന്നത്. മുത്തൂറ്റ് ഗ്രൂപ്പ് പണിത വീടുകൾക്ക് കൃത്യമായ മറ്റ് എട്ട് ഗുണഭോക്താക്കൾ ഉണ്ടായിരുന്നു. വീട് മറ്റൊരാളുടെ പട്ടയഭൂമിയിൽ ആയതിനാൽ മുത്തൂറ്റ് നൽകിയ ഗുണഭോക്താക്കൾക്ക് വീട് നൽകാനും വയ്യാത്ത സ്ഥിതിയിലായിരുന്നു ഉദ്യോഗസ്ഥർ. ഇതാണ് വീടുകൾ കാട് കയറാൻ കാരണം.
കളക്ടറുടെ ഇടപെടൽ നടപടി വേഗത്തിലാക്കി
മുത്തൂറ്റ് വീട് പണിയാൻ വന്നപ്പോൾ കൃത്യമായ പ്ലോട്ട് കാണിച്ചു കൊടുക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ വന്ന വീഴ്ചയാണ് ഇങ്ങനെ വൈകാൻ കാരണം. ഇത് ആർ.ഡി.ഒ കളക്ടർക്ക് റിപ്പോർട്ട് ചെയ്ത് മുത്തൂറ്റ് പണിത വീടുകൾ നിൽക്കുന്ന സ്ഥലം പ്രളയബാധിതരായ ഗുണഭോക്താക്കൾക്ക് തന്നെ പതിച്ചു നൽകുന്നതിനും , സീറോ ലാൻഡ് പദ്ധതി പ്രകാരം ഭൂമി അനുവദിച്ച വർക്ക് ഇവിടെ തന്നെയുള്ള മറ്റ് ഭൂമിനൽകുന്നതിനും ജില്ലാ കളക്ടർ ദിവ്യാ എസ് അയ്യർ ഉത്തരവിട്ടു. തുടർന്നാണ് പ്രളയബാധിതർക്ക് വീടുകൾ കൈമാറാൻ തീരുമാനമായത്. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ഗുണഫോക്താക്കൾക്ക് നൽകി. വൈദ്യുതി ലഭിക്കുന്ന മുറക്ക് ഇവർക്ക് താക്കോൽ ഔദ്യോഗികമായി കൈമാറും. നേരത്തെ നിശ്ചയിച്ച രണ്ട് ഗുണഫോക്താക്കൾക്ക് വേറെ വീടു ലഭിച്ചതായി അറിയിച്ചു.
,.......................................
പണികഴിപ്പിച്ചത് 8 വീടുകൾ
6 വീടുകൾ കൈമാറി
2 വീടുകൾ ഒഴിവുണ്ട്