പത്തനംതിട്ട :അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സി.പിഎം വ്യാപകമായ കള്ളവോട്ട് നടത്തിയതിനെതിരെ സഖ്യകക്ഷിയായ സി.പി.ഐ രംഗത്തുവന്നിരിക്കുകയാണെന്ന് സഹകരണ ജനാധിപത്യവേദി ജില്ലാ ചെയർമാൻ അഡ്വ. കെ. ജയവർമ്മ പറഞ്ഞു. ജില്ലയിലുടനീളം സഹകരണ ബാങ്കുകൾ കള്ളവോട്ടിലൂടെയും ജനാധിപത്യ വിരുദ്ധ മാർഗത്തിലൂടെയും തുടർച്ചയായി പിടിച്ചെടുക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ നടന്നത്.
അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക്, തിരുവല്ല ഈസ്റ്റ് കോ​ഓപ്പറേറ്റീവ് ബാങ്ക്, മേലുകര സഹകരണബാങ്ക്, വകയാർ സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സി.പി.എം നടത്തിയ അക്രമങ്ങളും, വ്യാജ വോട്ടും സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.