പത്തനംതിട്ട : ജില്ലയിൽ മുൻനിരപോരാളികൾക്ക് കൊവിഡ്. ഡോക്ടർ , നഴ്സ്, ആരോഗ്യ പ്രവർത്തകർ, പൊലീസ് തുടങ്ങിയ വിഭാഗങ്ങളിൽ വലിയ തോതിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലാ ഉദ്യോഗസ്ഥർക്കടക്കമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡോക്ടർ, നഴ്സ് , അറ്റൻഡർമാർ മറ്റ് ജീവനക്കാർ എന്നിങ്ങനെ 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സി.എഫ്.എൽ.ടി.സികളടക്കമില്ലാത്തതിനാൽ ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളിൽ തിരക്കേറുകയാണ്.
ജില്ലയിൽ ഇതുവരെ ആകെ 214648 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ കഴിഞ്ഞ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 33.6 ശതമാനമാണ്. കഴിഞ്ഞ ആഴ്ച ഇത് 21 ശതമാനം ആയിരുന്നു. നിലവിൽ പത്തനംതിട്ട ജില്ലക്കാരായ 4697 പേർ രോഗികളായിട്ടുണ്ട്. ജില്ലയിൽ ആകെ 2542 പേർ നിരീക്ഷണത്തിലാണ്.
ഈ മാസം തുടക്കം മുതലേ ജില്ലയിൽ കൊവിഡ് കേസുകൾ വർദ്ധിച്ചിരുന്നു. അഞ്ചിനാണ് ആദ്യ വർദ്ധന ഉണ്ടാകുന്നത്. അതുവരെ 165 ൽ താഴെ മാത്രം ഉണ്ടായിരുന്ന കൊവിഡ് കേസുകൾ വേഗത്തിൽത്തന്നെ 370 ആയി മാറി. 16ന് 999 വരെയെത്തിയ കൊവിഡ് കേസ് ഇന്നലെ ആയിരം കടന്ന് 1328 ൽ എത്തി. കഴിഞ്ഞ വർഷം മേയ് മാസമാണ് ആദ്യമായി 1300 പേർക്ക് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏറ്റവും അവസാനം കൊവിഡ് കേസുകൾ 1300 പേർക്ക് റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ മേയ് മാസം ആണ്. ഈ മാസം ഇന്നലെ 1328 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ഇന്നലെ ഏഴുപേർ കൊവിഡ് ബാധിച്ച് മരിച്ചു.
.
"മാസ്‌ക് ശരിയായി ധരിക്കുക, അകലം പാലിക്കുക, സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക തുടങ്ങിയ അടിസ്ഥാന പ്രതിരോധ മാർഗങ്ങൾ എല്ലാവരും പാലിക്കണം. കൃത്യസമയത്ത് തന്നെ വാക്‌സിൻ സ്വീകരിക്കണം കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ നടക്കുന്നുണ്ട്."
ഡോ. എൽ. അനിതാ കുമാരി
ഡി.എം.ഒ
ആശുപത്രികളും സി.എസ്.എൽ.ടി.സികളും തയ്യാറായി
കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികൾ, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ കൊവിഡ് രോഗികൾക്ക് രോഗത്തിന്റെ ഗുരുതരാവസ്ഥയനുസരിച്ച് കിടത്തിച്ചികിത്സ ലഭ്യമാണ്. പന്തളം അർച്ചന, റാന്നി പെരുനാട് കാർമൽ എൻജിനിയറിംഗ് കോളജ് എന്നിവയാണ് ഇപ്പോൾ നിലവിലുള്ള സി.എസ്.എൽ.റ്റി.സികൾ.