പത്തനംതിട്ട: മഹാകവി കുമാരനാശാന് പാദപൂജയുമായി ഒരു കവിതാസമാഹാരം. മാലൂർ മുരളീധരൻ രചിച്ച 'രസകാമധേനു 'എന്ന സമാഹാരത്തിലാണ് കവിതയിലെ സവിശേഷമായ സർഗാത്മകതയെ തിരികെക്കൊണ്ടുവരുന്നത്. ഭാഷയും ഭാവനയും അർത്ഥഭംഗിയും നഷ്ടപ്പെടുന്ന സമകാല കാവ്യരംഗത്ത് രസകാമധേനുവിലൂടെ കൽപനയുടെ സൗന്ദര്യം കാട്ടിക്കൊടുക്കുകയാണ് മാലൂർ. മഹാകവി കുമാരനാശാനാണ് എക്കാലത്തെയും മഹാകവി എന്ന് സമർത്ഥിച്ചുകൊണ്ടുള്ള 'കാശിക്കുപോയ കവിമോഹം' ഉൾപ്പടെ 19 കവിതകളാണ് ഇൗ സമാഹാരത്തിലുള്ളത്. ആശാൻ കവിതകളുടെ വശ്യതയിൽ അന്ധാളിച്ച് ഗാണ്ഡീവം താഴെവച്ച സവ്യസാചിയാണ് മാലൂർ മുരളീധരൻ എന്ന പുസ്തകത്തിലെ വിലയിരുത്തലിൽ അതിശയോക്തിയില്ലെന്ന് തെളിയിക്കുന്നു കവിതകൾ. രസകാമധേനുവിന്റെ തൊണ്ണൂറ്രിയെട്ട് പ്രതി മഹാകവിയുടെ തൊണ്ണൂറ്റിയെട്ടാം ചരമവാർഷിക ദിനത്തിൽ കുമാരകോടിയിൽ സ്മരണാഞ്ജലി അർപ്പിച്ചായിരുന്നു പ്രകാശനം. കുമാരനാശാൻ സ്മാരക സമിതി സെക്രട്ടറി പ്രൊഫ.കെ.ഖാൻ, മൂലൂർ സ്മാരക സമിതി സെക്രട്ടറി പ്രൊഫ.ഡി.പ്രസാദ്, ഡോ.പ്രദീപ് ഇറവങ്കര, പ്രൊഫ. പി.കെ. പ്രഭാകരക്കുറുപ്പ്, കുമാരകോടി ബാലൻ, അനൂപ് മെഴുവേലി എന്നിവർ പ്രസംഗിച്ചു.