ശബരിമല: തീർത്ഥാടന കാലത്തെ പ്രവർത്തനങ്ങളും പോരായ്മകളും അടുത്ത തിർത്ഥാടന കാലത്ത് നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ചും തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് എ.ഡി.എം അർജ്ജുൻ പാണ്ഡ്യൻ സർക്കാറിന് കൈമാറും. ഇതിനു മുന്നോടിയായി 20ന് പമ്പയിൽ വിവധ വകുപ്പുകളുടെ റിവ്യൂ മീറ്റിംഗ് നടക്കും. തീർത്ഥാടന കാലം തുടങ്ങിയതുമുതൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിച്ചപ്പോഴുണ്ടായ മാറ്റം, ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ തീർത്ഥാടകരെപ്പറ്റിയുളള വിവരങ്ങളും അവർക്ക് ഏർപ്പെടുത്തിയ സംവിധാനങ്ങളും, തീർത്ഥാടകർക്കായി ഒരുക്കിയ പൊതു ഗതാഗത സംവിധാനം എന്നിവയെക്കുറിച്ചുളള വിശദമായ റിപ്പോർട്ടാണ് നൽകുക. കഴിഞ്ഞ ഡിസംബർ 30ന് കരിമല പാത തുറന്നപ്പോൾ തടസ്സങ്ങളും പ്രതിസന്ധികളും ഇല്ലാതെ തീർത്ഥാടകർക്ക് സന്നിധാനത്തെത്താൻ കഴിഞ്ഞു അതേസമയം പുല്ലുമേടുപാത തീർത്ഥാടകർക്ക് വേണ്ടി സഞ്ചാരയോഗ്യമാക്കിയിരുന്നെങ്കിലും തീർത്ഥാടകർ എത്തുന്നത് കുറവായിരിക്കും എന്ന വിലയിരുത്തതിലാണ് ഈ പാത തുറക്കാതിരുന്നതെന്നും റിപ്പോർട്ടിൽ ഉളളതായാണ് സൂചന.