കടമ്പനാട് : കടമ്പനാട് - തെങ്ങമം മേഖലകളിൽ പൊതുപ്രവർത്തനരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു ഇന്നലെ നിര്യാതനായ കേരളകൗമുദി ഏജന്റ് പി.മോഹനൻ നായർ . വിദ്യാർത്ഥിയായിരിക്കുമ്പോൾ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനമായിരുന്നു പൊതുപ്രവർത്തനത്തിലേക്ക് നയിച്ചത്. ഇന്നലെ രാവിലെ പതിവു പോലെ പത്രവിതരണത്തിനായി കടമ്പനാട് നിൽക്കുമ്പോഴാണ് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. അടൂർ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് പൊസീറ്റീവാണന്ന് കണ്ടെത്തിയിരുന്നു. സി.പി ഐ കടമ്പനാട് ലോക്കൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. നിലവിൽ കിസാൻ സഭ മണ്ഡലം കമ്മിറ്റിയംഗവും സി.പി.ഐ ലോക്കൽ കമ്മിറ്റിയംഗവും ഇ.കെ പിള്ള സ്മാരക ട്രസ്റ്റ് സെക്രട്ടറിയുമായി പ്രവർത്തിച്ചു വരികയായിരുന്നു. കടമ്പനാട് എൻ.എസ്. എസ് കരയോഗം സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. കടമ്പനാട്ടെ സി.പി.ഐ ആസ്ഥാന മന്ദിരമായ ഇ.കെ പിള്ള സ്മാരകത്തിന്റെ നിർമ്മാണത്തിൽ മുഖ്യ പങ്കുവഹിച്ചു. ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിൽ കടമ്പനാട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിപ്രവർത്തകർക്കും പൊതു സമൂഹത്തിനും നികത്താനാകാവാത്ത നഷ്ടമാണ് മോഹനൻ നായരുടെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് സി.പി.ഐ കടമ്പനാട് ലോക്കൽ സെക്രട്ടറി റ്റി.ആർ ബിജു പറഞ്ഞു.