പ്രമാടം : ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് ആർ.ജി.അനൂപിനെ സാമൂഹ്യ വിരുദ്ധർ ആക്രമിച്ച സംഭവത്തിൽ പ്രമാടത്ത് സംഘർഷാവസ്ഥ തുടരുന്നു. ഇരുവിഭാഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടാൻ തുടങ്ങിയതോടെ പ്രമാടം, പൂങ്കാവ് മേഖലകളിൽ പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചു. പ്രകടനങ്ങളും സംഘം ചേരലുകളും വിലക്കിയിട്ടുണ്ട്. പൂങ്കാവ് ജംഗ്ഷനിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നതിന് പുറമെ പ്രദേശത്ത് പെട്രോളിംഗും ശക്തമാക്കി. സംഭവത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയിലും ഇന്നലെ പകലും ചിലയിടങ്ങളിൽ ചെറിയ സംഘർഷങ്ങളും വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണങ്ങളും അരങ്ങേറി. പാർട്ടി ഓഫീസുകൾക്കും പ്രാദേശിക നേതാക്കളുടെയും ആരോപണ വിധേയരുടെയും വീടുകൾക്ക് പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് അനൂപിനെ അഞ്ചംഗസംഘം ആക്രമിക്കുകയും മാരകായുധം ഉപയോഗിച്ച് പുറത്ത് കുത്തിപരിക്ക് ഏൽപ്പിക്കുകയും ചെയ്തത്. കാഴ്ച കുറവുള്ള അനൂപ് ലോട്ടറി കച്ചവടം നടത്തിയാണ് ഉപജീവനം നടത്തുന്നത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ പിന്നാലെ എത്തിയ സംഘം തടഞ്ഞു നിറുത്തി മർദ്ദിക്കുകയും മാരകായുധം ഉപയോഗിച്ച് പുറത്ത് വെട്ടി പരിക്കേൽപ്പിക്കുകുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവർ ഒളിവിലാണ്.
നേരത്തെ ഉണ്ടായ സംഭവങ്ങളുടെ തുടർച്ച
നേരത്തെ ഉണ്ടായ സംഭവങ്ങളുടെ തുടർച്ചയാണ് കഴിഞ്ഞ ദിവസത്തെ ആക്രമണം. മൂന്ന് മാസം മുമ്പ് പ്രമാടത്ത് പെൺകുട്ടിയ വീട്ടിൽ കയറി ആക്രമിച്ചത് ചോദ്യം ചെയ്ത ബ്ളോക്ക് സെക്രട്ടറി എം.അനീഷ് കുമാർ, ജോയിന്റ് സെക്രട്ടറി എം.അഖിൽ മോഹൻ, മേഖലാ സെക്രട്ടറി ജിബിൻ, അഭി.ആർ.രാജ് എന്നിവരെ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതിനെ തുടർന്ന് സംഘം അക്രമിച്ചിരുന്നു. അന്ന് അനൂപ് രക്ഷപെട്ടിരുന്നു.സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബ്ളോക്ക് കമ്മിറ്റി പൂങ്കാവിൽ പ്രകടനവും യോഗവും നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് എം.അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സി.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. വി.ശിവകുമാർ, എം. അഖിൽ മോഹൻ, ജിബിൻ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.
..........................................
സി.പി.എം യുവജന സംഘടനാ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രമാടത്ത് സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കാൻ പൊലീസ് കർശന നടപടി സ്വീകരിക്കണം.
റോബിൻ പീറ്റർ
(ഡി.സി.സി വൈസ് പ്രസിഡന്റ് )