 
പത്തനംതിട്ട: വാര്യാപുരം വളവിൽ നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് തെന്നിമാറി കല്ലിൽ ഇടിച്ച് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന ഇലന്തൂർ വാര്യാപുരം സ്വദേശികളായ ജോസ് (61), ഭാര്യ അന്നമ്മ (55) എന്നിവർ അത്ഭുതകരമായി രക്ഷപെട്ടു.
ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. കാറിൽ നിന്ന് പെട്രോൾ ചോരുന്നുണ്ടായിരുന്നു. ഇന്ന് നടക്കേണ്ട മകന്റെ കല്യാണത്തിന് ചെങ്ങന്നൂരിൽ നിന്ന് ഗ്യാസ് സിലിണ്ടറുമായി വാര്യാപുരത്തേക്ക് വരികയായിരുന്നു ദമ്പതികൾ. മുൻപിലുണ്ടായിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. പത്തനംതിട്ടയിൽ നിന്ന് അസി. സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് എത്തി ഹുണ്ടായി സാൻട്രോ കാർ വർക് ഷോപ്പ് ജീവനക്കാരുടെ സഹായത്തോടെ പെട്രോൾ ലീക്ക് നിയന്ത്രിക്കുകയും ഗ്യാസ് സലിണ്ടറുകൾ മാറ്റുകയും ചെയ്തു. കാറിന്റെ ഗ്‌ളാസ് വെട്ടിപ്പൊളിച്ചാണ് ദമ്പതികളെ പുറത്തെടുത്തത്. മുഖത്തും കൈകാലുകളിലും ചതവു പറ്റിയ നിലയിൽ ദമ്പതികളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.