ശബരിമല: കൊവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിൽ നട അടച്ചശേഷവും ജീവനക്കാർ ഡ്യൂട്ടിയിൽ തുടരണമെന്ന അധികൃതരുടെ നിർദ്ദേശം പുന:പരിശോധിക്കണമെന്ന് ദേവസ്വം ബോർഡ് നെയ്യാറ്റിൻകര ഗ്രൂപ്പ് സെക്രട്ടറി അനിൽ കാട്ടാക്കട ആവശ്യപ്പെട്ടു. നട അടച്ചതിന് ശേഷവും ഭണ്ഡാരത്തിലെ കാണിക്ക എണ്ണിത്തീർക്കുന്നതിന് വേണ്ടി ജീവനക്കാർ 10 ദിവസത്തേക്ക് കൂടി സന്നിധാനത്ത് തുടരേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഭണ്ഡാരത്തിലെ തുക എണ്ണിത്തീർക്കേണ്ടത് വളരെ അത്യാവശ്യമാണെങ്കിലും ജീവനക്കാരിൽ 90 ശതമാനവും പനിയും ചുമയും, ശ്വാസം മുട്ടലും, കഫകെട്ടും മൂലം ശാരിരികബുദ്ധിമുട്ടുകൾ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇവർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള സംവിധാനം പോലും സന്നിധാനത്ത് ഒരുക്കിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.