
പന്തളം: വികസനത്തിൽ പന്തളത്തിന്റെ പുത്തൻ പ്രതീക്ഷകളിലൊന്നായ പന്തളം ബൈപ്പാസിന് ഗതാഗത സർവേ നടത്തി . പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈൻ വിഭാഗമാണ് സർവേ നടത്തിയത്. ഒരു മണിക്കൂറിൽ ഏതൊക്കെത്തരം വാഹനങ്ങൾ എത്രയെണ്ണം റോഡിലൂടെ കടന്നുപോകുന്നുണ്ടെന്ന കണക്കാണ് തയ്യാറാക്കിയത്. ബൈപ്പാസ് തുടങ്ങുന്ന സി.എം ആശുപ ത്രിക്ക് സമീപവും സമാപിക്കുന്ന മണികണ്ഠനാൽത്തറയ്ക്കു സമീപത്തും ഇതിനായി ഉദ്യോഗസ്ഥർ കണക്കെടുത്തു.
കേരളാ റോഡ് ഫണ്ട് ബോർഡാണ് കിഫ്ബി ഏറ്റെടുത്ത പണിയുടെ ഇപ്പോഴത്തെ ചുമതല വഹിക്കുന്നത്.
ഗതാഗത സർവേ പൂർത്തിയായശേഷം വിശദമായ പദ്ധതി ഗവൺമെന്റിന് സമർപ്പിച്ച് അനുമതി ലഭിച്ചാലുടൻ സ്ഥലമെടുപ്പുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് കെ.ആർ.എഫ്.ബി. അധികൃതർ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ അലൈൻമെന്റ് പ്രകാരം ബൈപ്പാസിന് വേണ്ടി സ്ഥലം കല്ലിട്ടുതിരിക്കുന്ന ജോലി നേരത്തേ പൂർത്തിയാക്കിയിരുന്നു. ഇടയ്ക്ക് പരാതി ഉയർന്നതിനാൽ രണ്ടാമത് റോഡിന്റെ അലൈൻമെന്റ് മാറ്റിച്ചെയ്തു. കഴിഞ്ഞ രണ്ട് വെള്ളപ്പൊക്കത്തിലും മറ്റുമായി ചില സ്ഥലങ്ങളിൽ കല്ല് നഷ്ടപ്പെട്ടു. ഈ ഭാഗം വീണ്ടും അളന്നുതിട്ടപ്പെടുത്തി കല്ലുകൾ പുനസ്ഥാപിക്കണം. അതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകി.
സ്ഥലമെടുപ്പിനു മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി റവന്യു വകുപ്പിന്റെ ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിന് കൈമാറിയിരുന്നു. സ്ഥലത്തിന്റെ പുറമ്പോക്കും ഉടമകളെയും നിർണയിക്കുന്നത് സ്ഥലം ഏറ്റെടുക്കൽ വിഭാഗമാണ്. ബൈപ്പാസ് കടന്നുപോകുന്ന സ്ഥലത്ത് പാടം ഉള്ളതിനാൽ അത് കരഭൂമിയാക്കി മാറ്റിയെടുക്കേണ്ട നടപടികളുണ്ട്. സർവേ കഴിഞ്ഞാലേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുവാൻ കഴിയു.
ഗതാഗതക്കുരുക്ക് ഒഴിവാകും
പന്തളം ജംഗ്ഷനിലെ തിരക്കും ഗതാഗത തടസവും ഒഴിവാക്കുന്നതിനൊപ്പം എം.സി. റോഡിന് സമാന്തരമായി മറ്റൊരു പാത തുറന്നുകിട്ടുകയെന്നതും മറ്റു പ്രദേശങ്ങളുടെ വികസനവുമെല്ലാം ഈ പാത വരുന്നതിലൂടെ ലഭിക്കുമെന്നാണ് കരുതേണ്ടത്. പന്തളത്തെ ഗതാഗതക്കുരുക്കൊഴിവാക്കാനായി 2016- 17 വർഷത്തെ കിഫ്ബിയുടെ പദ്ധതിയിലുൾപ്പെടുത്തിയാണ് ബൈപ്പാസിന്റെ പ്രാരംഭ നടപടികൾ തുടങ്ങിയത്. ജില്ലയിൽ 12 റോഡുകൾക്കും നാല് പാലങ്ങൾക്കും അംഗീകാരം ലഭിച്ച കൂട്ടത്തിലാണ് കിഫ്ബിയിൽ പന്തളം ബൈപ്പാസും ഉൾപ്പെടുന്നത്.
അന്താരാഷ്ട്ര നിലവാരം
മൊത്തം 3837 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള റോഡിൽ പുതിയതായി 2530മീറ്റർ നീളത്തിലുള്ള റോഡാണ് പണിയുന്നത്. ഒൻപത് കലുങ്കുകളും റോഡിനിടയിലുണ്ടാകും. ഏഴ് മീറ്റർ വീതിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ബി.എം ആൻഡ് ബി.സി. ടാറിങ് നടത്തും. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിലാണ് 15 കോടി സംസ്ഥാന ബഡ്ജറ്റ് വിഹിതമായി പന്തളം ബൈപ്പാസിന് സർക്കാർ നീക്കിവച്ചത്.