മല്ലപ്പള്ളി: ജില്ലാ എഡ്യു-ഫെസ്റ്റ് ബുധനാഴ്ച മല്ലപ്പള്ളിയിൽ ആരംഭിക്കും. മല്ലപ്പള്ളി പാലത്തിന് സമീപം മല്ലപ്പള്ളി ടൗണിൽ യൂണിയൻ ക്രിസ്ത്യൻ കൺവെൻഷൻ ഹാളിൽ രാവിലെ 10ന് പുസ്തകമേള ഉദ്‌ഘാടനം ചെയ്യും. തുർന്ന് എന്റെ മലയാളം എന്ന വിഷയത്തിൽ ഡോ. എഴുമറ്റൂർ രാജ രാജ വർമ്മ ക്ലാസെടുക്കും. ശാസ്ത്രപ്രദർശനം, വിദ്യാഭ്യാസ സെമിനാറുകൾ, ജനപ്രതിനിധികളുടെ വിവരങ്ങളടങ്ങുന്ന കൈപ്പുസ്തക പ്രകാശനം എന്നിവയും നടക്കും. ആന്റോ ആന്റണി എം.പി. പ്രമോദ് നാരായൺ എം.എൽ.എ. മുൻ രാജ്യ സഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.കുര്യൻ, മുൻ എം.എൽ.എ. മാരായ രാജു ഏബ്രഹാം ജോസഫ് എം.പുതുശേരി തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ പങ്കെടുക്കും. വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ മേളയിൽ വിലക്കിഴിവിൽ ലഭിക്കും. ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്‌കാരിക സമിതി, മല്ലപ്പള്ളി പ്രസ് ക്ലബ്, ത്രിതല പഞ്ചായത്തുകൾ, സഹകരണസംഘങ്ങൾ എന്നിവ ഫെസ്റ്റിനായി ഒന്നിക്കുന്നു. മാതൃഭൂമി ന്യൂസ് എഡിറ്റർ പി.കെ.ജയചന്ദ്രൻ, കോഴിക്കോട് ജലവിഭവ വികസന കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി.സാമുവേൽ, എം.ജി.മനോജ് (ജോയിന്റ് ആർ.ടി.ഓ.), ജി.സന്തോഷ് കുമാർ (ഇൻസ്‌പെക്ടർ, കീഴ്വായ്പൂര് പൊലീസ് സ്റ്റേഷൻ), ഐ.നൗഷാദ് (എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ) എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ സെമിനാർ നയിക്കും.