മല്ലപ്പള്ളി: ബഹിരാകാശ ഗവേഷണ രംഗത്ത് ഭാരതം കൈവരിച്ച നേട്ടങ്ങളുടെ നേർക്കാഴ്ചയായി 'സ്പേസ് ഓൺ വീൽസ്' പ്രദർശനം വ്യാഴാഴ്ച മല്ലപ്പള്ളിയിൽ നടക്കും. ജില്ലാ എജ്യു ഫെസ്റ്റ്-പുസ്തകമേള ഭാഗമായി തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിൽ നിന്ന് എത്തുന്ന വാഹനത്തിലാണ് പ്രകാശവർഷങ്ങൾ അകലെയുള്ള മായക്കാഴ്ചകൾ ഇതൾ വിരിയുക. പ്രത്യേകം സജ്ജീകരിച്ച വോൾവോ ബസിൽ ഇന്ത്യ നിർമ്മിച്ച ആര്യഭട്ട ഉപഗ്രഹം മുതൽ ചന്ദ്രയാൻ കടന്നും നീളുന്ന പര്യവേഷണങ്ങളുടെ വിവരങ്ങളുണ്ടാവാകും. ത്രിമാന മാതൃകകളും വിവിധ പദ്ധതികളുടെ ദൃശ്യാവിഷ്ക്കാരവും കാണാം. രാവിലെ 10ന് രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ ഉദ്‌ഘാടനം ചെയ്യും. സ്കൂൾ വിദ്യാർത്ഥികളടക്കം എല്ലാവർക്കും പ്രവേശനം സൗജന്യമാണ്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് പ്രദർശനമെന്ന് വി.എസ്.എസ്.സി. അധികൃതർ അറിയിച്ചു. വൈകിട്ട് അഞ്ചിന് സമാപിക്കും.