പത്തനംതിട്ട : നഗരമദ്ധ്യത്തിൽ ചിറ്റൂർ വാർഡിലെ പുളിമൂട്ടിൽ റോഡ് നവീകരിച്ചു. ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. വെള്ളം ഒഴുകാനുളള ഒാടയും നിർമ്മിച്ചു. 24ന് നഗരസഭ കൗൺസിലർ സിന്ധു അനിൽ റോഡ് ഉദ്ഘാടനം ചെയ്യും. നഗരസഭയുടെ പ്ലാൻ ഫണ്ടിലുള്ള അഞ്ച് ലക്ഷം രൂപയുടെ പദ്ധതിയിലാണ് റോഡ് ഉൾപ്പെടുത്തിയിരുന്നത്. 30-ാം വാർഡാണിത്. ടി.കെ റോഡിൽ നിന്ന് ഡി.ഡി.ആർ.സി റോഡിലേക്കെത്തുന്ന ഭാഗംവരെയാണ് കോൺക്രീറ്റ് ചെയ്തത്. ഇവിടെ നിന്ന് കടമ്മനിട്ട റോഡിലേക്കും പ്രവേശിക്കാം. ടി.കെ റോഡിലും സെൻട്രൽ ജംഗ്ഷനിലും ഗതാഗതക്കുരുക്ക് ഉണ്ടായാൽ കെ.എസ്.ആർ.ടി.സി, അബാൻ ഭാഗത്തേക്ക് എത്താൻ പുളിമൂട്ടിൽ റോഡിലൂടെയുള്ള കുറുക്കു വഴിയേ പോകാം. വർഷങ്ങളായി കുണ്ടും കുഴിയുമുള്ള റോഡാണ് നവീകരിച്ചത്. ഓട മൂടിയില്ലാതെ മാലിന്യം നിറഞ്ഞ് വൃത്തിഹീനമായിരുന്നു. എതിരെ വാഹനങ്ങൾ വന്നാൽ കടന്നു പോകാൻ തടസമായിരുന്നു. ഓട ശരിയാക്കി കോൺക്രീറ്റ് ചെയ്തതോടെ റോഡിൽ കൂടുതൽ സ്ഥലം ലഭിച്ചിട്ടുണ്ട്.ബാങ്ക് അടക്കം നിരവധി സ്ഥാപനങ്ങളും വീടുകളും റോഡിന്റെ ഇരുവശങ്ങളിലുമുണ്ട്. റോഡുപണിയുടെ ഭാഗമായി ഗതാഗതം നിരോധിച്ചിട്ടുണ്ട്. തിങ്കളാഴ്ച തുറന്നുകൊടുക്കും.
പ്ലാൻ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന റോഡാണിത്. നിലവിൽ ഓട ശരിയാക്കിയതോടെ കുറച്ച് കൂടി സ്ഥലം ലഭിച്ചിട്ടുണ്ട്.
(സിന്ധു അനിൽ
വാർഡ് കൗൺസിലർ)
-നഗരസഭയിലെ 30-ാം വാർഡ്
- 5 ലക്ഷം രൂപയുടെ പദ്ധതി