തിരുവല്ല: നിലവാരമുയർത്തി നിർമ്മിക്കുന്ന പൊടിയാടി- തിരുവല്ല സംസ്ഥാനപാതയുടെ ഒന്നാംഘട്ട ടാറിംഗ് പൂർത്തിയായി. പൊടിയാടി ജംഗ്‌ഷൻ മുതൽ തിരുവല്ല കുരിശുകവല വരെയാണ് ബി.എം ടാറിംഗ് . അഞ്ച് സെന്റീമീറ്റർ കനത്തിലാണ് ടാറിംഗ്. അവസാനഘട്ടത്തിലെ ബി.സി.ടാറിംഗ് മൂന്ന് സെന്റിമീറ്ററിലാണ്. കഴിഞ്ഞമാസം അവസാനവാരം പൊടിയാടിയിൽ നിന്ന് തുടങ്ങിയ ടാറിംഗ് പൂർത്തിയാക്കാൻ ഒരുമാസത്തോളം വേണ്ടിവന്നു. ലോക്ക് ഡൗണിലും മുടക്കമില്ലാതെ റോഡിന്റെ പണികൾ നടന്നിരുന്നെങ്കിലും മഴമൂലം പണികൾവൈകി. ഇതുകാരണം ഒരുവർഷത്തെ കരാർ കാലാവധി അവസാനിച്ചതിനാൽ മേയ് വരെ നീട്ടിനൽകിയിട്ടുണ്ട്. പൊടിയാടി മുതൽ തിരുവല്ല വരെയുള്ള ഭാഗത്ത് 9 കലുങ്കുകൾ പുനർനിർമ്മിച്ചു. പൊടിയാടി മുതൽ മണിപ്പുഴ വരെ നാല് കലുങ്കുകളും കാവുംഭാഗം മുതൽ കുരിശുകവല വരെ അഞ്ച് കലുങ്കുകളും നിർമ്മിച്ചു. തിരുവല്ല-അമ്പലപ്പുഴ റോഡിന്റെ രണ്ടാംഘട്ടമായി കിഫ്ബിയിൽ നിന്ന് അനുവദിച്ച തുക ചെലവഴിച്ചാണ് പൊടിയാടി മുതൽ തിരുവല്ല വരെയുള്ള 4.9 കിലോമീറ്റർ റോഡ് നവീകരിക്കുന്നത്. റോഡിന് കുറുകെയും കേബിൾ ഡക്ടുകൾ നിർമ്മിച്ചു. 47.4 കോടി രൂപയ്ക്ക് കരാർ ഏറ്റെടുത്ത് റോഡ് നിർമ്മിക്കുന്നത് ബിഗോറ കൺസ്ട്രക്ഷൻ കമ്പനിയാണ്.
പൊടിയാടി മുതൽ തിരുവല്ല വരെ രണ്ടുമാസത്തിലേറെയായി നാട്ടുകാരും യാത്രക്കാരും അനുഭവിച്ചിരുന്ന പൊടിശല്യത്തിന് ടാറിംഗ്പൂർത്തിയായതോടെ ആശ്വാസമായി. ബാക്കി ജോലികൾ പൂർത്തിയാകാൻ നാലുമാസം കൂടി കാത്തിരിക്കണം.

നഗരപ്രദേശത്ത് വീതികുറഞ്ഞു


ഒന്നാംഘട്ട ടാറിംഗ് കഴിഞ്ഞതോടെ കാവുംഭാഗം മുതലുള്ള നഗരസഭാ പ്രദേശത്ത് ചിലഭാഗങ്ങളിൽ റോഡിന് വീതി കുറഞ്ഞിട്ടുണ്ട്. ഓടയും നടപ്പാതയും ഉൾപ്പെടെ റോഡിന് 13.6 മീറ്റർ വീതിവേണം. ഇതിൽ 10 മീറ്ററിൽ ടാർ ചെയ്യേണ്ടതാണ്. എന്നാൽ ഇരുവശത്തെയും ഡക്ടുകളും നടപ്പാതയും കഴിയുമ്പോൾ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സ്ഥലം നഗരസഭാ പ്രദേശത്ത് കുറവാണ്. കുരിശുകവലയ്ക്ക് സമീപം എട്ടുമീറ്റർ പോലും റോഡിന് വീതിയില്ല. സ്ഥലം ഏറ്റെടുക്കാതെ നിലവിലെ വീതിയിൽ റോഡ് നിർമ്മിച്ചതാണ് പ്രശ്നത്തിന് കാരണം.

------------------------

@ പൊടിയാടി -തിരുവല്ല റോഡിലെ കുടിവെള്ള പൈപ്പുകൾ മാറ്റിയിടലാണ് പ്രധാനമായും പൂർത്തിയാക്കാനുള്ളത്.

@ വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ തുടങ്ങിയിട്ടുണ്ട്. ഒരുമാസത്തിനുള്ളിൽ ഇത് പൂർത്തിയായേക്കും.

@ റോഡിലേക്ക് നിൽക്കുന്ന കൂറ്റൻ മരങ്ങൾ ഉൾപ്പെടെ മുറിച്ചുമാറ്റാനുണ്ട്.

ഓടകളുടെയും നടപ്പാതയുടെയും നിർമ്മാണം പൂർത്തിയായിട്ടില്ല.

@ അവസാനഘട്ട ടാറിംഗും സിഗ്നൽ ബോർഡുകൾ സ്ഥാപിക്കലും മാർക്കിംഗുകൾ ഉൾപ്പെടെയുള്ള ജോലികളും മെയ് മാസത്തിനുള്ളിൽ പൂർത്തിയാക്കണം.

നിർമ്മാണം 47.4 കോടി ചെലവിൽ