ചെങ്ങന്നൂർ: ശബരിമല തീർത്ഥാടനകാലം പിന്നിടുമ്പോൾ ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് 3.5കോടിയുടെ വരുമാനം.കഴിഞ്ഞ തീർത്ഥാടന കാലത്തെ അപേക്ഷിച്ച് 90 ശതമാനത്തിലധികം വർദ്ധനവാണ് ഇക്കുറി ഉണ്ടായത്.കഴിഞ്ഞ തീർത്ഥാടന കാലത്ത് ആകെ കിട്ടിയത് 34.77 ലക്ഷം രൂപയായിരുന്നു. നിലക്കലിലെ രാത്രികാല നിയന്ത്രണം കൂടി ഇല്ലായിരുന്നുവെങ്കിൽ ഇക്കുറി 4 കോടിയുടെ വരുമാനം ലഭിക്കുമായിരുന്നുവെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. മണ്ഡലകാലത്ത് 41 ദിവസത്തെ വരുമാനം രണ്ടു കോടി രൂപയ്ക്കടുത്തെത്തിയിരുന്നു. എന്നാൽ മകരവിളക്കിനു മുന്നോടിയായി, പിന്നീടുള്ള 21 ദിവസത്തിൽ വരുമാനമായി 1.12 കോടി രൂപ കിട്ടി. മകരവിളക്കിനു ഒരാഴ്ച മുൻപു ദിവസേനയുള്ള സർവീസ് ശരാശരി 60ൽ നിന്നും 73 ആയി ഉയർന്നു. ഒരു ദിവസം 78 സർവീസ് വരെ നടത്തിയ ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. മകരവിളക്ക് കാലത്ത് 12,13 ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ സർവീസ് നടത്തിയത്. ജനുവരി 16 വരെയുള്ള കണക്ക് പ്രകാരം ചെങ്ങന്നൂരിൽ നിന്നും കെ.എസ്.ആർ.ടി.സി.യിൽ ടിക്കറ്റെടുത്തു ശബരിമലയ്ക്കു യാത്ര ചെയ്തു 2,57,608 തീർത്ഥാടകരാണ്. 1640 സർവീസുകളും, 1866 ട്രിപ്പുകളും നടത്തി. ചെങ്ങന്നൂരിൽ നിന്നു മാത്രം 38 ബസുകളാണ് ഉപയോഗിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായിരുന്ന കഴിഞ്ഞ സീസണിൽ ആകെ നടത്തിയത് 244 സർവീസാണ്. 17 വണ്ടികളാണ് ഓടിയത്. ഇത്തവണ മികച്ച കളക്ഷൻ നേടിയെങ്കിലും കൊവിഡിന് മുൻപ് (2019-20) സീസണിൽ ചെങ്ങന്നൂർ ഡിപ്പോയുടെ വരുമാനം 5.53 കോടി രൂപയായിരുന്നു. 2,805 സർവീസാണ് നടത്തിയത്. അന്നത്തെ അപേക്ഷിച്ചു 60ശതമാനത്തോളം കളക്ഷൻ ഇത്തവണ നേടിയിട്ടുണ്ട്. കൊവിഡ് നിലനിൽക്കേ മികച്ച കളക്ഷൻ നേടാനായതായി കെ.എസ്.ആർ.ടി.സി.അധികൃതരും അവകാശപ്പെടുന്നു.

അവധിയിൽപ്പോയ ജീവനക്കാർ വരാതിരുന്നത് സർവീസിനെ ബാധിച്ചു

അപകട രഹിതവും സമാധാനപരവുമായിട്ടാണ് ഇക്കുറി കെ.എസ്.ആർ.ടി.സി സവീസുകൾ നടത്തിയത്. എന്നാൽ മകരവിളക്കിന്റെ തുടക്ക ദിനത്തിൽ 3.30 മണിക്കൂർ നേരം സർവീസ് നടത്താൻ കഴിയാതിരുന്നത് ഈ നേട്ടത്തിനിടയിലും കെ.എസ്.ആർ.ടി.സിക്ക് കല്ലുകടിയായി. ബസുകളുണ്ടായിട്ടും അവധിയിൽ പോയ ജീവനക്കാർ തിരികെ എത്താൻ വൈകിയതാണ് ഈ പ്രതിസന്ധിക്ക് ഇടയാക്കിയത്. ഇന്നലെ വൈകിട്ട് 5 വരെ 45 ബസുകളാണ് സർവീസ് നടത്തിയത് . വൈകിട്ട് 3ന് ശേഷം നിലക്കലേക്കും സർവീസ് നടത്തി. ഇന്ന് രാവിലെ പമ്പയിൽ നിന്നും ഈ ബസുകൾ മടങ്ങിയെത്തുന്നതോടെ ഈ തീർത്ഥാടന കാലത്തെ ചെങ്ങന്നൂർ- പമ്പ സ്‌പെഷ്യൽ സർവീസിന് വിരാമമാകും.

-ചെങ്ങന്നൂരിൽ നിന്ന് 2,57,608 തീർത്ഥാടകർ ശബരിമലയിലേക്ക് യാത്ര ചെയ്തു

-ചെങ്ങന്നൂരിൽ നിന്ന് 38 ബസുകൾ സർവീസ് നടത്തി