പെരിങ്ങനാട് : പെരിങ്ങനാട് തൃശ്ചേന്ദമംഗലം ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടം പണി നിലച്ചു. കിഫ്ബി പദ്ധതി പ്രകാരം സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഒരു വർഷം മുൻപാണ് പണി ആരംഭിച്ചത്. ഇപ്പോൾ മാസങ്ങളായി നിർമ്മാണം മുടങ്ങി കിടക്കുകയാണ്. മൂന്ന് നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കേണ്ടത്. ഇതിൽ ഒരു നിലയുടെ കോൺക്രീറ്റ് മാത്രമാണ് കഴിഞ്ഞത്. ഒരു നില നിർമ്മിച്ചതിന്റെ ബില്ല് മാറി കരാറുകാരന് നൽകാത്തതാണ് കെട്ടിടം പണി മുടങ്ങാൻ കാരണം. ബില്ല് കരാറുകാരൻ യഥാസമയം നൽകിയില്ലന്നതാണ് താമസിക്കുന്നതിന്റെ കാരണമായി അധികൃതർ പറയുന്നത്. ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്ന നിലവിലുള്ള കെട്ടിടത്തിന് വടക്കുഭാഗത്തായി മൂന്നു നിലയും നിലവിലുള്ള കോൺക്രീറ്റ് കെട്ടിടത്തിന് മുകളിൽ രണ്ടു നിലയും പണിയുന്നതിനായി മൂന്നു കോടി രൂപയാണ് അനുവദിച്ചത്. നിർമ്മാണം തുടങ്ങിയത് 2020 ഡിസംബർ 10നായിരുന്നു. കരാറുകാരൻ ഒൻപത് മാസം കൊണ്ട് പൂർത്തിയാക്കേണ്ട നിർമ്മാണ ജോലി കരാർ നീട്ടികൊടുത്തിട്ടും പൂർത്തിയാക്കിയില്ലെന്ന് നിർവഹണ ഏജൻസിയായ ഇൻ കെൽ അധികൃതർ പറയുന്നത്.