അടൂർ : അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിനിടയിൽ നടന്ന അക്രമ സംഭവങ്ങളിൽ സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കുമെതിരെ രൂക്ഷ പ്രതികരണവുമായി സി.പി.ഐ. അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐ മത്സര രംഗത്ത് വന്നതിനെ സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകർ ജനാധിപത്യവിരുദ്ധമായി അക്രമത്തിലൂടെ പരാജയപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്ന് സി.പി.ഐ അടൂർ മണ്ഡലം കമ്മിറ്റി പത്ര‌പ്രസ്താവനയിൽ ആരോപിച്ചു.അങ്ങാടിക്കൽ പ്രദേശത്തുനിന്നും സിപിഎമ്മിനെ നേതാക്കളടക്കം 78 കുടുംബങ്ങൾ സി.പി.ഐയിൽ ചേർന്നപ്പോൾ മുതൽ സി.പി.ഐ പ്രവർത്തകർക്ക് നേരെ അക്രമം ആരംഭിച്ചതാണ്. തിരഞ്ഞെടുപ്പ് ദിവസം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പൊലീസിന്റെ സഹായത്തോടെ സി.പി.ഐ പ്രവർത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുവാനാണ് ഇവർ ശ്രമിച്ചത്. അക്രമത്തിനിരയായ എ.ഐ.വൈ.എഫ് ജില്ലാകമ്മിറ്റി അംഗം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബു, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം ഐക്കാട് ഉദയകുമാറിനെയും ക്രൂരമായി മർദ്ദിച്ചു.രാത്രി സി.പി.ഐ നേതാക്കളുടെ മൂന്ന് വീടുകൾ അടിച്ചുതകർത്തു. പൊലീസിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ജാഗ്രത ഈ വിഷയങ്ങളിൽ ഉണ്ടായിട്ടില്ല. ഇപ്പോൾ സി.പി.ഐ പ്രവർത്തകരുടെ പേരിൽ കള്ളക്കേസ് എടുക്കുവാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും സി.പി.ഐ ആരോപിച്ചു.പൊലീസിനെയും ഡി.വൈ.എഫ്.ഐയും ഉപയോഗിച്ച് സി.പി.ഐ എമ്മിന്റെ ഒരു പറ്റം നേതാക്കൾ നടത്തുന്ന അക്രമ പരമ്പരയെ സി.പി.ഐ ശക്തമായി പ്രതിരോധിക്കും. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ് ആവശ്യപ്പെട്ടു.