sabarimala
ശബരിമല മണ്ഡല തീർത്ഥാടനത്തിന് ഇന്ന് സമാപനം

ശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് പരിസമാപ്തികുറിച്ച് ഇന്ന് ശബരിമല നട അടയ്ക്കും. ഇന്നലെ പതിവ് പൂജകൾ മാത്രമാണ് ഉണ്ടായിരുന്നത്. രാത്രി 10ന് ഹരിവരാസനം പാടി നട അടച്ചതോടെ മാളികപ്പുറം മണിമണ്ഡപത്തിന് മുന്നിൽ കളമൊരുക്കി പന്തളം രാജപ്രതിനിധി മൂലംനാൾ ശങ്കരവ‌ർമ്മയുടെ നേതൃത്വത്തിൽ വലിയ ഗുരുതി നടന്നു. ഇന്ന് രാവിലെ രാജപ്രതിനിധിക്ക് മാത്രമാണ് സന്നിധാനത്ത് ദർശനം. രാവിലെ 5ന് നടതുറക്കും 5.30 ന് ഗണപതിഹോമം. ശ്രീലകത്ത് മലർനിവേദ്യത്തിന് ശേഷം ഭഗവാനെ ഭസ്മവിഭൂഷിതനാക്കി രുദ്രാക്ഷമാല ചാർത്തി കൈയിൽ യോഗദണ്ഡ് നൽകി യോഗനിദ്ര യിലാക്കിയ ശേഷം നടയടയ്ക്കും. തുടർന്ന് ശ്രീകോവിലിന്റെ താക്കോലും പണക്കിഴിയും രാജപ്രതിനിധിക്ക് കൈമാറും. രാജപ്രതിനിധി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെത്തും. പിന്നാലെ മേൽശാന്തിയും. താക്കോൽക്കൂട്ടവും പണക്കിഴിയും മേൽശാന്തിക്ക് തിരികെ നൽകി രാജപ്രതിനിധിയും പേടകങ്ങളുമായി തിരുവാഭരണ സംഘവും പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കും. ഇന്ന് ളാഹ സത്രത്തിലും നാളെ അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും 22ന് ആറന്മുളകൊട്ടാരത്തിലും വിശ്രമിക്കുന്ന സംഘം 23ന് രാവിലെ 6ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തും. ദേവസ്വം ബോ‌ർഡ് അധികൃത‌ർ തിരുവാഭരണം പന്തളം കൊട്ടാരം പ്രതിനിധികൾക്ക് മടക്കിനൽകും.