 
തെള്ളിയൂർ : എഴുമറ്റൂർ പഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ സെന്ററിൽ മാലിന്യം കുന്നുകൂടുന്നു. പ്ലാസ്റ്റിക്ക് ജൈവ അജൈവമാലിന്യമാണ് നിറഞ്ഞിരിക്കുന്നത്. 2018 - 2019 പദ്ധതി വർഷത്തിൽ പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുന്നതിനും സംഭണ കേന്ദ്രത്തിൽ എത്തിക്കുന്നതിനും കടുംബശ്രീ, ഹരിത കർമ്മസേനയുടെ പ്ലാസ്റ്റിക് പുനരുപയോഗം സാദ്ധ്യമാക്കുന്ന വിധത്തിൽ പഞ്ചായത്ത് തലത്തിൽ മെറ്റീരിയൽ കളക്ഷൻ സെന്റർ പണിയുന്നതിന് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിൽ നിന്നും 6 ലക്ഷം രൂപയും പ്ലാസ്റ്റിക്ക് ഇതര മാലിന്യങ്ങൾ എത്തിക്കുവാൻ വാഹനം വാങ്ങുന്നതിനായി 256788 രൂപയും പ്ലാസ്റ്റിക്ക് ഷെഡിംഗ് യൂണിറ്റുകൾക്കായി എഴ് വാർഡുകളിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഫണ്ട് 140000 രൂപ ഉപയോഗിച്ച് മുൻ ഭരണ സമിതി പദ്ധതികൾ നടപ്പിലാക്കിയിരുന്നു. കഴിഞ്ഞ രണ്ടുവർഷക്കാലമായിട്ടും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേർതിരിക്കുന്നതിനോ, ഹരിത കർമ്മസേന പ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുന്നുന്നതിനോ കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപവും പ്രതിപക്ഷ അംഗങ്ങൾ ഉന്നയിക്കുന്നുണ്ട്. ശുചിത്വ മിഷന്റെ ഭാഗമായിട്ടുള്ള ക്ലീൻ കേരള കമ്പനി മാലിന്യം നീക്കം ചെയ്യുന്നതിനായി അറിയിപ്പ് നല്കിട്ടുണ്ടെന്നും കൊവിഡിന്റെ അതിവ്യാപനമാണ് പദ്ധതി നിർവഹണത്തിന് കാലതാമസം ഉണ്ടാക്കിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
.....................
മാലിന്യം നീക്കം ചെയ്യുന്നതിന് ശക്തമായി പഞ്ചായത്ത് യോഗത്തിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. കാലതാമസം നേരിട്ടാൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കും
കൃഷ്ണകുമാർ മുളപ്പോൺ
(പഞ്ചായത്ത് അംഗം)
..................
ഒരു ആഴ്ചക്കുള്ളിൽ മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്യും. വാർഡ് തലങ്ങളിലെ മിനി മെറ്റീരിയൽ കളക്ഷനിലെ മാലിന്യങ്ങളും നീക്കം ചെയ്ത് മാലിന്യമുക്ത ഗ്രാമമാക്കും.
ശോഭ മാത്യു
(പഞ്ചായത്ത് പ്രസിഡന്റ്)