അടൂർ: ഏറെ നാളത്തെ ചരിത്രം പറയാനുള്ള അടൂർ നഗരത്തിന്റെ ഹൃദയത്തിലുള്ള ഗാന്ധിസ്മൃതി മൈതാനം പട്ടണത്തിന്റെ മുഖ്യ ആകർഷണ കേന്ദ്രമാക്കാൻ രൂപരേഖ തയ്യാറായി. ഏറെ നാളുകളായി അനാഥമായി കിടന്ന മൈതാനം ഇനി മാറും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുൻകൈ എടുത്താണ് ഗാന്ധി സ്മൃതി മൈതാനത്തിന് പുതിയ മുഖചാർത്ത് കൈവരിക്കുന്നത്. പൂർണമായും പ്രകൃതി സൗഹൃദ നവീകരണമാണ് ലക്ഷ്യം വെയ്ക്കുന്നത്. മരങ്ങൾ നിലനിറുത്തികൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ചുള്ള പദ്ധതിയാണ് നവീകരണത്തിലൂടെ ഉദ്ദേശിക്കുന്നത്. ഗാന്ധി സ്മൃതി മൈതാനത്തിന് 2014 - 2015 വർഷത്തെ എം എൽ എ ഫണ്ട് ഉപയോഗിച്ച് ടൈൽ പാകുകയും കുട്ടികളുടെ കളിക്കോപ്പുകൾ സ്ഥാപിക്കുകയും ചുറ്റുമതിൽ പെയിന്റ് ചെയ്യുകയും ചെയ്തതാണ്. എന്നാൽ അറ്റകുറ്റപണികൾ നടത്താൻ ചുമതലപ്പെട്ട നഗരസഭയ്ക്ക് പരിപാലിക്കാൻ സാധിക്കാത്തതിനാൽ മൈതാനത്തിന്റെ അവസ്ഥ പരിതാപകരമാവുകയായിരുന്നു.കവാടങ്ങളും ചുറ്റുമതിലും മോടികൂട്ടി നവീകരിക്കുകയും തറ ടൈൽ പാകി മനോഹരമാക്കുന്നതിനും മരങ്ങളിൽ നിന്ന് പക്ഷികളുടെ കാഷ്ടം വീഴാതിരിക്കാൻ പ്രത്യേക രീതിയിലുള്ള മേൽക്കൂര സ്ഥാപിക്കുന്നതോടൊപ്പം കുട്ടികൾക്ക് കളിക്കാനായി പാർക്ക്, ഇരിപ്പിടങ്ങൾ, മനോഹരമായ ആർട്ട് വാൾ എന്നിവ നിർമ്മിച്ച് പ്രമുഖരുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന പിക്ചർ ഏരിയ, പൂന്തോട്ടം എന്നിവയാണ് രൂപരേഖയിൽ ലക്ഷ്യമിട്ടിരിക്കുന്നത്. ഒപ്പം ഓപ്പൺ സ്റ്റേജ് നവീകരിക്കാനും പദ്ധതിയുണ്ട്. നിർമ്മാണ ചുമതല ഹാബിറ്റാറ്റിനാണ്.