മല്ലപ്പള്ളി: വേനൽ കടുത്ത് മല്ലപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും തീപിടിത്ത ഭീഷണി ഉയർന്നതോടെ ഇവിടെ ഫയർഫോഴ്സ് യൂണിറ്ര് വേണമെന്ന ആവശ്യം ശക്തമായി. അത്യാഹിതമുണ്ടായാൽ പതിനഞ്ച് കിലോമീറ്റർ അകലെയുള്ള റാന്നിയിൽ നിന്നോ തിരുവല്ലയിൽ നിന്നോ വേണം ഇപ്പോൾ ഇവിടെ സേന എത്താൻ. വേനൽ ശക്തമായതോടെ മൂന്നിടങ്ങളിലാണ് ഇൗയിടെ തീപിടിത്തമുണ്ടായത്. ഫയർഫോഴ്സെത്തി തീയണച്ചെങ്കിലും വൻ നാശനഷ്ടങ്ങളാണുണ്ടായത്. മണിമലയാറ്റിലെ കയങ്ങളിൽ നിരവധി പേർ അപകടത്തിൽപ്പെടുന്ന സംഭവങ്ങളുമുണ്ട്. കീഴുവായ്പൂര് പൊലീസ് സ്റ്റേഷന് സമീപം കാടുകയറിക്കിടക്കുന്ന ഏക്കറുകണക്കിന് ഭൂമിയുണ്ട്. ഈ സ്ഥലം ഫയർസ്റ്റേഷനു വേണ്ടി ഉപയോഗിക്കാവുന്നതാണ്. അധികൃതരെ പലതവണ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. മല്ലപ്പള്ളി താലൂക്ക് രൂപം കൊണ്ടിട്ട് നാലു പതിറ്റാണ്ടോളമായിട്ടും ഫയർഫോഴ്സ് യൂണിറ്ര് വേണമെന്ന ആവശ്യം നടപ്പാക്കാൻ നടപടിയില്ല.