1
ചെങ്ങാടം ഇറക്കി യുവാക്കൾ ഇരുകരകളിൽ ആളുകെളെ എത്തിക്കുന്നു.

മല്ലപ്പള്ളി:കോമളംപാലത്തിലൂടെ യാത്ര നടക്കാതായതോടെ നദിയുടെ മറുകരയെത്താൻ വഴിയില്ലാതായ നാട്ടുകാർക്ക് വഴിയൊരുക്കി ചെറുപ്പക്കാരുടെ സംഘം. മുളകൾ ചേർത്ത് ബന്ധിച്ച ചങ്ങാടവും ഇത് വലിച്ചുനീക്കാനുള്ള വടവും ഒരുക്കിയാണ് അവർ നാട്ടുകാർക്ക് തുണയായത്.

കഴിഞ്ഞ ഒക്ടോബർ 17 ന് പ്രളയത്തിൽ പാലത്തിന്റെ അപ്രോച്ച് റോഡ് ഒലിച്ചുപോയതോടെയാണ് കല്ലൂപ്പാറ പഞ്ചായത്തിലെ 5,6,7,8 വാർഡുകളിലുള്ളവർ ദുരിതത്തിലായത്. പാലത്തിന്റെ അമ്പാട്ടുഭാഗത്തെ അപ്രോച്ച് റോഡും 60 മീറ്ററോളം ദൂരത്തിൽ കരയും ഒലിച്ചുപോയതോടെ മറുകര കടക്കാൻ വഴിയില്ലാതായിരുന്നു. പ്രശ്നം പരിഹരിക്കാൻ അധികൃതർ തയ്യാറാകാതിരുന്നതോയെടായാണ് നാട്ടിലെ ചെറുപ്പക്കാർ രംഗത്തിറങ്ങിയത്. ആറ്റിൽ വെള്ളവും ഒഴുക്കും കുറവായതിനാൽ ചങ്ങാടത്തിലൂടെയുള്ള യാത്ര സുരക്ഷിതമാണ്. എങ്കിലും ജലനിരപ്പ് ഉയർന്നാൽ അപ്രോച്ച് റോഡ് നിർമ്മിച്ചെങ്കിലേ യാത്ര നടക്കു.

പ്രളയത്തിൽ അപ്രോച്ച് റോഡ് ഒലിച്ചുപോയതറിഞ്ഞ് ജില്ലാ കളക്ടർ, എം.എൽ.എ, എം.പി എന്നിവർ സ്ഥലത്തെത്തി അടിയന്തര നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, ആതുരാലയങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ, ആരാധനാലയങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം പോകുവാൻ നാട്ടുകാർ ഈ പാലത്തെയാണ്‌ ആശ്രയിച്ചിരുന്നത്. റോഡ് ഇല്ലാതായതോടെ മൂന്നു മാസത്തിലധികമായി നാട്ടുകാർ ബുദ്ധിമുട്ടുകയാണ്.