thanal
ഭിന്നശേഷിക്കുട്ടികൾക്കായി പമ്പാ തീരത്ത് നിർമ്മിക്കുന്ന ഓട്ടിസം സെൻ്ററിൻ്റെ നിർമ്മാണം വിലയിരുത്തുന്ന മന്ത്രി സജിചെറിയാനും മജിഷ്യൻ ഗോപിനാഥ് മുതുകാടും

ചെങ്ങന്നൂർ: ഭിന്നശേഷി വിഭാഗം കുട്ടികൾക്ക് പൂർണസംരക്ഷണം ഉറപ്പു വരുത്തുവാൻ പാണ്ടനാട് പമ്പാതീരത്ത് സ്ഥാപിക്കുന്ന ഓട്ടിസം സെന്ററിന്റെ നിർമ്മാണ പുരോഗതി മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ സാന്നിദ്ധ്യത്തിൽ മന്ത്രി സജി ചെറിയാൻ വിലയിരുത്തി. ആദ്യഘട്ടത്തിൽ അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ച് ഒന്നാംഘട്ട നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രണ്ട് കോടി രൂപ മുതൽമുടക്കിൽ ഓട്ടിസം സെന്റർ, പ്ലേ സ്‌കൂൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും താമസസൗകര്യം, വിവിധ തെറാപ്പി കോർണറുകൾ, കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനു മിനി സ്റ്റേഡിയം, പൂന്തോട്ടം, ലിഫ്റ്റ് സംവിധാനം തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ടുള്ള അത്യാധുനിക കെട്ടിടമാണ് നിർമ്മിക്കുന്നത്. അക്കാദമികപരിശീലനത്തോടൊപ്പം തെറാപ്പി സേവനങ്ങൾ, വിവിധ നൈപുണി പരിശീലനങ്ങൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്വയംതൊഴിൽ പരിശീലനം, തൊഴിൽ യൂണിറ്റുകൾ തുടങ്ങി വിവിധ സേവനങ്ങൾ ഓട്ടിസം സെന്റർ ഉറപ്പുവരുത്തുന്നു. മന്ത്രി സജി ചെറിയാന്റെ പ്രാദേശിക ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്കായി പണം കണ്ടെത്തിയത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല മോഹൻ, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ വി നായർ , ചെങ്ങന്നൂർ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ജി കൃഷ്ണകുമാർ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജിപ്സൺ ജോസ്, ബി.ആർ.സി ട്രെയിനർമാരായ ബൈജു കെ , പ്രവീൺ വി നായർ, ക്ലസ്റ്റർ കോർഡിനേറ്റർ വി ഹരിഗോവിന്ദ് എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.