പത്തനംതിട്ട: ശബരിമല തിരുവാഭരണ പാതയിൽ റാന്നി പേങ്ങാട്ടുകടവ് പാലത്തിന് അടിയിൽ ഏഴ് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്ത സംഭവത്തിൽ പ്രദേശവാസികളായ അൻപതോളം പേരെ പൊലീസ് ചോദ്യം ചെയ്തു. സംഭവത്തിന് പിന്നിൽ അട്ടിമറി സാദ്ധ്യതകൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. പാലത്തിന് അടിയിൽ മീൻപിടിക്കുന്നതിന് തോട്ടയിടുന്നവർ, സ്ഥിരമായി കുളിക്കുന്നവർ, ലൈഫ് ഗാർഡുകൾ തുടങ്ങിയവരെയാണ് ചോദ്യം ചെയ്തത്. മീൻപിടുത്തക്കാരാകും ജലാറ്റിൻ സ്റ്റിക് കൊണ്ടുവച്ചതെന്ന് പൊലീസ് സംശയിക്കുന്നു.

അയ്യപ്പ വിഗ്രത്തിൽ ചാർത്താൻ പന്തളത്ത് തിരുവാഭരണം ശബരിമലയിലേക്ക് കൊണ്ടുപോകുന്നതും തിരികെ കൊണ്ടുവരുന്നതുമായ പാതയിലാണ് പേങ്ങാട്ടുകടവ് പാലം. തിരുവാഭരണം ശബരിമലയിൽ നിന്ന് പന്തളത്തേക്ക് തിരിച്ചുകൊണ്ടുപോകുന്നതിന് മുൻപ് ജലാറ്റിൻ സ്റ്റിക് കണ്ടെടുത്തത് ആശങ്ക പരത്തിയിരുന്നു. ജില്ലാ പൊലീസ് ചീഫ് സ്വപ്നിൽ മധുകർ മഹാജൻ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോസഗസ്ഥരും ബോംബ്, ഡോഗ് സ്ക്വാഡുകളും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.