
വരുമാന വർദ്ധനയിൽ ദേവസ്വം ബോർഡിന് ആശ്വാസം
പത്തനംതിട്ട: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ച ശേഷം നടന്ന ഇത്തവണത്തെ ശബരിമല തീർത്ഥാടനം ദേവസ്വം ബോർഡിന് ആശ്വാസമേകുന്നു. മണ്ഡല-മകരവിളക്ക് ഉത്സവം സമാപിച്ചപ്പോൾ 151 കോടിയുടെ വരുമാനം ലഭിച്ചു. രണ്ട് ദിവസത്തെ കാണിക്ക വരുമാനം കൂടി എണ്ണിത്തീരാനുണ്ട്.
മുൻ വർഷങ്ങളിലെ സാധാരണ തീർത്ഥാടനകാലത്തെ വരുമാനത്തിൽ നിന്ന് നൂറ്റിപ്പത്ത് കോടി കുറവുണ്ട്. എങ്കിലും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ദേവസ്വം ബോർഡ് കരകയറുന്നതിന്റെ സൂചനകളാണ് ഇൗ തീർത്ഥാടനം നൽകുന്നത്. കൂടുതൽ ഭക്തർക്ക് ദർശനം നടത്താൻ അനുവാദം ലഭിച്ച മകരവിളക്ക് കാലത്താണ് വരുമാനത്തിൽ മുന്നേറ്റമുണ്ടായത്.
മണ്ഡലകാലത്തെ 41 ദിവസം 78.92 കോടിയായിരുന്ന വരുമാനം മകരവിളക്ക് കാലത്ത് ഇരട്ടിയോളമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദർശനം നടത്താവുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചത്, നെയ്യഭിഷേകത്തിന് അനുമതി നൽകിയത്, പരമ്പരാഗത - കാനന പാതകൾ തുറന്നത് എന്നിവയാണ് വരുമാനം വർദ്ധിപ്പിച്ചത്. ചെലവ് കണക്കാക്കി വരുന്നതേയുള്ളൂ. മുൻ വർഷങ്ങളിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുന്നവരിൽ പകുതിയോളം പേരും ദർശനത്തിന് എത്തിയിരുന്നില്ല. ഇൗ തീർത്ഥാടന കാലത്ത് ബുക്ക് ചെയ്തവരിൽ 71 ശതമാനം ഭക്തരും ദർശനം നടത്തി.
₹ ദർശനം നടത്തിയവർ- 19,39,575
₹വെർച്വൽ ക്യൂ ബുക്കിംഗ് -23,98,512
₹ദർശനം നടത്തിയവർ -17,17,448 (71.60ശതമാനം)
₹സ്പോട്ട് ബുക്കിംഗിൽ ദർശനം - 2,02,437
പ്രധാന വരുമാനം
കാണിക്ക-61.5 കോടി
അരവണ -54.5കോടി
അപ്പം - 7 കോടി
'' സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ച് ശബരിമല തീർത്ഥാടനം വിജയകരമായി പൂർത്തിയാക്കിയതിൽ സന്തോഷമുണ്ട്. തീർത്ഥാടകരുടെ ഭാഗത്തുനിന്ന് നല്ലതോതിൽ സഹകരണമുണ്ടായി.
അഡ്വ. കെ. അനന്തഗോപൻ, ദേവസ്വം ബോർഡ് പ്രസിഡന്റ്