കോന്നി: കരുമാൻതോട് തൃശൂർ കെ.എസ്‌. ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് പുനരാംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ടു വർഷമായി സർവീസ് നിലച്ചിരിക്കുകയാണ്. ഇതുമൂലം യാത്രാക്ളേശം രൂക്ഷമാണ്. രാത്രിയിൽ പത്തനംതിട്ടയിൽ നിന്നെത്തി കരുമാൻതോട്ടിൽ സ്റ്റേചെയ്ത് പുലർച്ചെ തൃശൂരിന് പുറപ്പെടുന്നതായിരുന്നു സർവീസ് . തണ്ണിത്തോട്, തേക്കുതോട്, കരുമാൻതോട്, മണ്ണീറ, എലിമുള്ളംപ്ലാക്കൽ, മേക്കണം, മേടപ്പാറ, തൂമ്പക്കുളം,പൂച്ചക്കുളം,കൂത്താടിമൺ, മൂർത്തിമണ്ണ്, ഏഴാംതല, ഞള്ളൂർ, അതുമ്പുംകുളം, കൊന്നപ്പാറ, പയ്യനാമണ്ണ്, ചങ്കൂർമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു ഈ സർവീസ്. നെടുമ്പശേരി എയർപോർട്ടിലേക്കും എറണാകുളത്തേക്കും ഗുരുവായൂർ ക്ഷേത്രത്തിലേക്കും പോകുന്നവർക്കും സർവീസ് പ്രയോജനപ്പെട്ടിരുന്നു. മലയോരമേഖലയിലെ വിവിധപ്രദേശങ്ങളിൽ നിന്ന് ജോലിക്കു പോയി മടങ്ങുന്നവർക്കും സർവീസ് പ്രയോജനപ്പെട്ടിരുന്നു. കോന്നി പൂങ്കാവ്, പ്രമാടം, പത്തനംതിട്ട, തിരുവല്ല, ആലപ്പുഴ, എറണാകുളം, അങ്കമാലി വഴിയായിരുന്നു തൃശൂരിലേക്ക് സർവീസ് നടത്തിയിരുന്നത്. രാവിലെ 4 .15 ന് കരുമാൻതോട്ടിൽ നിന്ന് പുറപ്പെടുന്ന ബസ് 5 മണിക്ക് പത്തനംതിട്ടയിലെത്തിയിരുന്നു. തിരികെ രാത്രി 8.30 ന് കോന്നിയിലെത്തിയിരുന്ന ബസ് വൈകി തണ്ണിത്തോട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് പോകുന്നവർക്ക് പ്രയോജനപ്പെട്ടിരുന്നു.