 
ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവത്തിനും തീർത്ഥാടത്തിനും പരിസമാപ്തികുറിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു. ഇന്നലെ പുലർച്ചെ 5ന് നട തുറന്ന് ഗണപതിഹവനവും മലർ നിവേദ്യവും പൂർത്തിയാക്കി. തിരുവാഭരണം പേടകങ്ങളിലാക്കി തിരുവാഭരണ വാഹക സംഘം പതിനെട്ടാം പടിയിറങ്ങി. തുടർന്ന് സന്നിധാനത്തുനിന്ന് മുഴുവൻ ആളുകളെയും മാറ്റിയ ശേഷം പന്തളം രാജപ്രതിനിധി മൂലംനാൾ ശങ്കരവർമ്മ ദർശനത്തിനെത്തി.
ഇൗ സമയം ശ്രീകോവിലിൽ ഭഗവാനെ ഭസ്മാഭിഷിപ്തനാക്കി രുദ്രാക്ഷമാല ചാർത്തി യോഗദണ്ഡ് കൈയിൽ നൽകി യോഗനിദ്ര യിലാക്കി. തുടർന്ന് ഹരിവരാസനം പാടി നട അടച്ചു. താക്കോൽക്കൂട്ടവും പണക്കിഴിയും രാജപ്രതിനിധിക്ക് കൈമാറിയ ശേഷം മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി
പതിനെട്ടാം പടിയിറങ്ങി. 6.30ന് അംഗരക്ഷകനായ പടക്കുറുപ്പിനൊപ്പം രാജപ്രതിനിധി തിരുമുറ്റത്തെത്തി. പണക്കിഴിയും താക്കോൽക്കൂട്ടവും മേൽശാന്തിക്ക് തിരികെനൽകി സന്നിധാനത്തെ അടുത്ത ഒരു വർഷത്തെ പൂജാദികർമ്മങ്ങൾ നോക്കിനടത്താൻ നിർദ്ദേശം നൽകി. ഈ സമയം പൊന്നമ്പലമേട്ടിൽ നക്ഷത്രം തെളിഞ്ഞത് നവ്യാനുഭവമായി.
നീലിമലയിറങ്ങി പമ്പയിലെത്തിയ രാജപ്രതിനിധിയുടെ നേതൃത്വത്തിലുള്ള തിരുഭാരണഘോഷയാത്ര വലിയാനവട്ടം വഴി കാനനപാതയിലൂടെ പന്തളത്തേക്ക് മടങ്ങി. ഇന്നലെ ളാഹ ഫോറസ്റ്റ് സത്രത്തിൽ വിശ്രമിച്ചശേഷം ഇന്ന് രാവിലെ 9 ന് പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിലെത്തും. ഇവിടെ തിരുവാഭരണം ചാർത്തി ഉത്സവം നടക്കും. നാളെ ആറന്മുള കൊട്ടാരത്തിൽ വിശ്രമിക്കുന്ന സംഘം 23ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തും.