 
തിരുവല്ല: വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോകുന്ന അഴിയിടത്തുചിറ - മേപ്രാൽ - കോമങ്കേരിച്ചിറ റോഡ് ഉയർത്താനുള്ള പണികൾ വേഗത്തിലായി. പടിഞ്ഞാറൻ ഗ്രാമീണമേഖലയുടെ വളർച്ചയ്ക്കും കർഷകർക്കും ഗുണകരമാകുന്ന റോഡാണിത്. കോമങ്കേരിച്ചിറ ഭാഗത്ത് നിന്നാണ് റോഡ് ഉയർത്തുന്നതിനുള്ള പണികൾ തുടങ്ങിയത്. തിരുവല്ല നഗരസഭയിൽ അഴിയിടത്തുചിറയിൽ തുടങ്ങി പെരിങ്ങര പഞ്ചായത്തിലൂടെ കടന്നുപോകുന്ന റോഡിന് ജില്ലാ അതിർത്തികടന്ന് കോട്ടയം ജില്ലയിൽ പ്രവേശിക്കാനാകും. വർഷംതോറും ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ മുങ്ങുന്ന റോഡ് ഒന്നരയടി ഉയരത്തിലാണ് നിർമ്മിക്കുന്നത്. 10 കലുങ്കുകൾ പൊളിച്ചു പണിയുന്നുണ്ട്. ഇരുവശങ്ങളിലും ഓടയും സംരക്ഷണഭിത്തിയും നിർമ്മിക്കും. 18 മാസമാണ് കരാർ കാലാവധി. കലുങ്കുകൾക്ക് മുകളിലൂടെ കുടിവെള്ള പൈപ്പുകൾ കടന്നുപോകുന്നുണ്ട്. നിലവിൽ എട്ട് ഇഞ്ചിന്റെ ജി.ഐ. പൈപ്പുകളാണുള്ളത്. പൈപ്പുകളും വൈദ്യുതി പോസ്റ്റുകളും മാറ്റിസ്ഥാപിക്കും. പാലാത്ര കൺസ്ട്രക്ഷൻസിനാണ് നിർമ്മാണ ചുമതല . 2018 ലെ പ്രളയത്തിൽ റോഡിൽ ആറടിയിലേറെ വെള്ളം കയറിയിരുന്നു. ജില്ലാ അതിർത്തിയായ അംബേദ്ക്കർ കോളനി കഴിഞ്ഞാൽ കോട്ടയം ജില്ലയിലെ പായിപ്പാട് പഞ്ചായത്താണ്. ഇവിടെനിന്നും നാല് കിലോമീറ്റർ പോയാൽ എ.സി.റോഡിലെ കിടങ്ങറയിലെത്തും. ഈഭാഗത്ത് റോഡ് പകുതിദൂരം ഉന്നതനിലവാരത്തിൽ നിർമ്മിച്ചിട്ടുണ്ട്. പകുതിഭാഗം തകർന്നുകിടക്കുകയാണ്. മഴക്കാലത്ത് പെരിങ്ങര പഞ്ചായത്തിലെ മിക്ക റോഡുകളും വെള്ളത്തിൽ മുങ്ങി ഗതാഗതം തടസപ്പെടുന്ന സ്ഥിതിയാണ്. ഗ്രാമീണ മേഖലയുടെ മുഖഛായ മാറ്റുന്ന വികസനത്തിന് പുതിയ റോഡ് മുതൽക്കൂട്ടാകും.
സർവകക്ഷിയോഗം ഇന്ന്
അഴിയിടത്തുചിറ -കോമങ്കേരിച്ചിറ പൊതുമരാമത്ത് റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് ഉച്ചയ്ക്ക്ശേഷം 3.30 ന് മേപ്രാൽ സെന്റ് ജോൺസ് സ്‌കൂളിൽ സർവകക്ഷിയോഗം നടക്കും. മാത്യു ടി. തോമസ് എം.എൽ.എ അദ്യക്ഷത വഹിക്കും.
നിർമ്മാണം 7.75 കോടി ചെലവിൽ
ദൂരം- 5.1 കിലോമീറ്റർ
വീതി - 3.8 മീറ്റർ