ശബരിമല: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിൽ ഇന്ന് തിരുവാഭണം ചാർത്തും ഉത്സവവും നടക്കും. ശബരിമലയിൽ നിന്ന് മടങ്ങിയ തിരുവാഭരണഘോഷയാത്ര ഇന്ന് രാവിലെ 9ന് പെരുനാട്ടിലെത്തും. ദേവസ്വം ബോർഡ് അധികൃതരും ക്ഷേത്രോപദേശക സമിതിയും ഭക്തജനങ്ങളും ചേർന്ന് സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. ഉച്ചയ്ക്ക് 1.30ന് തിരുവാഭരണം ചാർത്തി ദർശനം . ശബരിമല കഴിഞ്ഞാൽ തിരുവാഭരണം ചാർത്തുന്ന ഏക ക്ഷേത്രമാണ് കക്കാട്ട് കോയിക്കൽ. ഇവിടെ സ്ത്രീകൾക്കും ദർശനം നടത്താം എന്നതുകൊണ്ടുതന്നെ അയ്യപ്പവിശ്വാസികളായ ആയിരക്കണക്കിന് സ്ത്രീകളാണ് എത്തുന്നത്. 22ന് പുലർച്ചെ 1.30വരെ തിരുവാഭരണം ദർശിക്കാം. ശബരിമലയിലെ വിഗ്രഹത്തിന്റെ അതേ അളവിവുളള വിഗ്രഹമാണ് കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിലേതും. പന്തളം രാജാവ് കക്കാട്ട് കോയിക്കലിൽ താമസിച്ചാണ് ശബരിമല ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം.