പ്രമാടം : കത്തുന്ന വേനലിൽ മലയോര മേഖലകൾ കടുത്ത ജലക്ഷാമത്തിലേക്ക്. കോന്നി, അരുവാപ്പുലം, നാറാണംമൂഴി, പ്രമാടം, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി, തണ്ണിത്തോട്, സീതത്തോട്, കൊക്കാത്തോട് പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം.
പല കുടിവെള്ള പദ്ധതികളിലും ആവശ്യാനുസരണം വെള്ളമെത്തുന്നുമില്ല. തണ്ണിത്തോട്ടിലൂടെ കടന്നുപോവുന്ന കല്ലാർ നദിയുടെ മിക്കഭാഗങ്ങളും വ​റ്റിവരണ്ട നിലയിലാണ്. തണ്ണിത്തോട്, തേക്കുതോട്, തലമാനം, മണ്ണീറ, അതുമ്പുംകുളം, പയ്യനാമൺ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളമില്ല. മലയോര ഗ്രാമങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറികളിലും കന്നാസുകളിലുമാണ് വെള്ളമെത്തിക്കുന്നത്. ഇറിഗേഷൻ വകുപ്പും ജലം എത്തിക്കാതായതോടെ കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരും പ്രതിസന്ധിയിലാണ്.

ജല അതോറി​റ്റിയുടെ പൈപ്പുകൾ പല പ്രദേശങ്ങളിലും പൊട്ടി വെള്ളം പാഴാകുന്നുണ്ട്. പരാതിപ്പെട്ടിട്ടും പരിഹരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. അ​റ്റകു​റ്റപ്പണികൾ നടക്കാത്തതിനാൽ പൊതുടാപ്പുകളിലൂടെയും വ്യാപകമായി വെള്ളം നഷ്ടപ്പെടുന്നു

അനധികൃത മണ്ണെടുപ്പും വയൽ നികത്തലുമാണ് കുടിവെള്ളക്ഷാമത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കുന്നത്. പൊതുകുളങ്ങളും ജലാശയങ്ങളും നിർമ്മിച്ച് ജലശേഖരണത്തിന് കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കാൻ അധികൃതരും തയ്യാറായിട്ടില്ല.

കോന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിനായി 635 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതുവഴി 65442 കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കാൻ കഴിയും. പദ്ധതി വേഗത്തിൽ നടപ്പാക്കും.