പത്തനംതിട്ട: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പ്രവർത്തന കലണ്ടർ തയാറാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ. ഈ വർഷം ജില്ലാ ഭരണകൂടവും, വിവിധ വകുപ്പുകളും നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു മാർഗരേഖ പ്രത്യേകമായി തയാറാക്കാൻ ഉദ്ദേശിക്കുന്നതായും കളക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. തീർത്ഥാടന കാലത്തിനു വഴിയൊരുക്കിയവർക്ക് നന്ദി പറഞ്ഞു കൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി ശബരിമല തീർത്ഥാടനം പൂർണ നിലയിലായിരുന്നില്ല എന്നതിനാൽ ഇക്കുറി ഒരു പ്രത്യേക വെല്ലുവിളിയായി മാറിയിരുന്നുവെന്നും കൃത്യമായ ആസൂത്രണത്തിലൂടെയാണ് അത് മറികടന്നതെന്നും പോസ്റ്റിൽ പറയുന്നു.