collectrate
കളക്ടറേറ്റ് മതിലിൽ വിള്ളൽ കാണപ്പെടുന്ന ഭാഗം

പത്തനംതിട്ട : അപകടഭീഷണിയുയർത്തി കളക്ടറേറ്റ് മതിലിൽ വലിയ വിള്ളൽ.

കളക്ടറേറ്റിന്റെ പ്രധാന കവാടത്തിന് സമീപം പത്തനംതിട്ട വില്ലേജ് ഓഫീസ് കെട്ടിടത്തിനടുത്ത് നടപ്പാതയോടു ചേർന്നുള്ള മതിലിലാണ് വിള്ളൽ. വില്ലേജ് ഓഫീസ് കെട്ടിടത്തിനൊപ്പം നിരപ്പാക്കാനായി ഇവിടെ മണ്ണിട്ട് നികത്തിയിരുന്നു. മതിലിന് മുകളിലായി മണ്ണിട്ടതിനാൽ അതിന്റെ ഭാരം കാരണം മുകളിൽ നിന്ന് ഇടിഞ്ഞുവീഴാൻ സാദ്ധ്യതയേറെയാണ്. ഏതുനിമിഷവും പൊളിഞ്ഞുവീഴാവുന്ന രീതിയിലാണ് മതിൽ. രാഷ്ട്രീയ പാർട്ടികളും മറ്റ് സംഘടനകളും ഈ മതിലിന് താഴെയാണ് സമരം നടത്തുക.

മുകളിൽ നിന്ന് താഴേക്കാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. കളക്ടറേറ്റിലും ക്ഷേമനിധി ഓഫീസിലും സിവിൽ സപ്ളൈസ് ഓഫീസിലും എത്തുന്നവരും മറ്രും ഇതുവഴിയാണ് കടന്നുപോകുക. വിള്ളൽ ഇതുവരെ ആരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇവിടെ നിറയെ പോസ്റ്ററുകൾ പതിക്കുമെന്നതിനാൽ ചിലപ്പോൾ ഈ വിള്ളൽ കാണാനും സാധിക്കില്ല. വിള്ളൽ രൂപപ്പെട്ട ഭാഗത്ത് ചെടികൾ വളർന്നിറങ്ങിയിട്ടുണ്ട്. ഇടയ്ക്ക് ഇവിടെ നിന്ന് മണ്ണ് പൊഴിഞ്ഞുവീഴുന്നുണ്ട്. ഇരുവശത്തേക്ക് മതിൽ പിളർന്ന് മാറിയ നിലയിലാണ്. ഏഴടിയോളം ഉയരമുണ്ട് മതിലിന്. കളക്ടറേറ്റിലെ ഉദ്യോഗസ്ഥരുൾപ്പെടെ ബസ് കാത്തുനിൽക്കുന്നതും മതിലിന് താഴെയാണ്.

വിള്ളൽ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരിശോധിച്ച് നടപടിയെടുക്കുമെന്നും

പി.ഡബ്യൂ.ഡി അധികൃതർ പറഞ്ഞു.