പത്തനംതിട്ട: ഭരണകക്ഷിയിൽപ്പെട്ട സി.പി.ഐ നേതാക്കളുടെ വീടുകളിൽ പോലും അക്രമം നടത്തുകയും സ്ത്രീകളടക്കമുള്ളവരെ ക്രൂരമായി മർദ്ദിച്ച് അവശരാക്കുകയും ചെയ്യുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ നടപടികൾ ജില്ലയിൽ ക്രമസമാധാനം തകർത്തുവെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലൊട്ടാകെ കോൺഗ്രസ് ഓഫീസുകൾ, കൊടിമരങ്ങൾ, ദേശീയ നേതാക്കളുടെ പ്രതിമകൾ, സ്തൂപങ്ങൾ എന്നിവ നശിപ്പിച്ച സി.പി.എം പ്രവർത്തകരെ അറസ്റ്റുചെയ്യാനോ നിയമ നടപടികൾ സ്വീകരിക്കുവാനോ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. അറുപതിലേറെ കൊടിമരങ്ങൾ പിഴുതെറിയുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുറ്റവാളികളെ പിടികൂടിയില്ലെങ്കിൽ കോൺഗ്രസ് സമര പരിപാടികൾ ആരംഭിക്കും. ഭരണകക്ഷി താൽപര്യമനുസരിച്ച് അടിക്കടി ജില്ലാ പൊലീസ്‌ മേധാവിമാരെ മാറ്റിക്കൊണ്ടിരിക്കുകയാണ്. സഹകരണ സംഘങ്ങൾ കള്ളവോട്ടിലൂടെ സി.പി.എം പിടിച്ചെടുക്കുന്നു. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് കൊടുമൺ അങ്ങാടിക്കൽ സഹകരണ ബാങ്കിൽ നടന്നത്. ആരോഗ്യ മന്ത്രി പ്രതിനിധാനം ചെയ്യുന്ന ജില്ലയിൽ കൊവിഡിന്റെ തീവ്ര വ്യാപനം തടയുന്നതിന് കഴിഞ്ഞിട്ടില്ല. വ്യാപനം തടയുന്നതിൽ ആരോഗ്യവകുപ്പും ജില്ലാ ഭരനകൂടവും പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡി.സി.സി ജനറൽസെക്രട്ടറി സാമുവൽ കിഴക്കുപുറവും പെങ്കടുത്തു.