fire
പെരുന്തുരുത്തിയിലെ മാലിന്യസംസ്ക്കരണ കേന്ദ്രത്തിന് തീപിടിച്ചപ്പോൾ

തിരുവല്ല: പെരുന്തുരുത്തിയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ വൻതീപിടിത്തം. പെരിങ്ങര പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മസേനയുടെ മാലിന്യസംസ്കരണ കേന്ദ്രത്തിൽ ഇന്നലെ പുലർച്ചെ 5.30 നാണ് സംഭവം. എം.സി. റോഡിൽ പ്ലാംചുവട് - മുട്ടത്തുപടി റോഡിലെ ആൾത്താമസമില്ലാത്ത കെട്ടിടം മാലിന്യ സാംസ്കരണ പ്രവർത്തനങ്ങൾക്കായി പഞ്ചായത്തിന് സൗജന്യമായി വിട്ടുനൽകിയിരുന്നു. കെട്ടിടത്തിലെ നാലുമുറികളിലായി പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കുന്നതിനായി ശേഖരിച്ചിരുന്നു. മാലിന്യങ്ങൾക്ക് തീപിടിച്ചതോടെ കെട്ടിടം പൂർണമായി കത്തിനശിച്ചു. കെട്ടിടത്തിൽ തീയാളുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്‌സിന്റെ മൂന്ന് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഫയർസ്റ്റേഷൻ ഓഫീസർ ആർ. ബാബു, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ സുന്ദരേശ്വരൻ നായർ എന്നിവരുടെ നേതൃത്വത്തിൽ 12 ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചങ്ങനാശേരിയിൽ നിന്ന് അഞ്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നാണ് തീയണച്ചത്‌. സംഭവമറിഞ്ഞ് പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, ബ്ലോക്ക് മെമ്പർ സോമൻ താമരച്ചാലിൽ, വാർഡ് മെമ്പർ ശർമ്മിള സുനിൽ, പൊലീസ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി.