അടൂർ: കണ്ണൂർ ദിനേശ് ബീഡി സഹകരണ സംഘത്തിന്റെ അനുബന്ധസ്ഥാപനമായ കേരള ദിനേശ് ഷോപ്പിയുടെ ജില്ലയിലെ ആദ്യ ഔട്ട് ലെറ്റ് അടൂരിൽ ആരംഭിച്ചു. നാടൻ അച്ചാറുകൾ, ചായപ്പൊടി, തേങ്ങാപ്പാൽ, വെർജിൻ കോക്കറ്റ് ഓയിൽ, തേങ്ങാ ചിപ്സ്, തേങ്ങാ ലഡു, കുടകൾ, ഷർട്ടുകൾ എന്നിവയാണ് പ്രധാനമായും ഇവിടെ നിന്ന് ലഭിക്കുക. അടൂർ കെ.എസ്.ഇ.ബി ഓഫീസിന് എതിർവശത്തുള്ള വെണ്മ ഔട്ട് ലെറ്റിലാണ് ദിനേശ് ഷോപ്പിയുടെ ഉത്പ്പന്നങ്ങൾ ലഭിക്കുന്നത്. കേരള സർക്കാരിന്റെ ഗുണമേന്മാ പരിശോധനാ സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുള്ള ഉത്പ്പന്നങ്ങളാണ് കൂടുതലും ദിനേശ് ഷോപ്പികളിൽ വിൽക്കുന്നതെന്ന് കേരള ദിനേശ് ബീഡി ചെയർമാൻ എം.കെ ദിനേശ് ബാബു, മാർക്കറ്റിങ് മനേജർ എം.സന്തോഷ് കുമാർ, സെയിൽസ് ഓഫീസർ അബ്ദുൾ റഷീദ്, വി.പ്രശാന്ത്, പന്നിവിഴ ഹർഷൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.