ഓമല്ലൂർ: ഒാമല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് അക്രഡിറ്റേഷൻ നൽകുന്നതിന്റെ ഭാഗമായി കേന്ദ്രസംഘം സന്ദർശനം നടത്തി. ക്വാളിറ്റി നോഡൽ ഓഫീസർ ഡോ. കൃഷ്ണചൈതന്യ, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസിലെ ഡോ. മാരിയപ്പൻ എന്നിവരാണ് എത്തിയത്. രണ്ടുദിവസം കുടുംബാരോഗ്യ കേന്ദ്രവും ഉപകേന്ദ്രവും സന്ദർശിച്ചു. രോഗികൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ വിലയിരുത്തി. ആശുപത്രിയിലെ ഫയലുകൾ പരിശോധിച്ചു. പഞ്ചായത്ത് അംഗങ്ങൾ, ആശുപത്രി ജീവനക്കാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ജില്ലയിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഓമല്ലൂരിനെയാണ് ഈ വർഷം അക്രഡിറ്റേഷന് വേണ്ടി തിരഞ്ഞെടുത്തത്. അക്രഡിറ്റേഷൻ ലഭിക്കുമ്പോൾ വർഷംതോറും കേന്ദ്ര ആരോഗ്യ വകുപ്പിൽ നിന്ന് ഗ്രാന്റ് ലഭിക്കും. എല്ലാവർഷവും കേന്ദ്ര സംഘത്തിന്റെ പരിശോധനയും ഉണ്ടാകും. ദേശീയ അംഗീകാരം നേടിയാൽ മൂന്നുവർഷവും തുടർച്ചയായ ഗ്രാന്റ് ലഭിക്കുമെന്ന് ആരോഗ്യ സംഘം പറഞ്ഞു. അവലോകന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സ്മിതാ സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാലി തോമസ്, അനിൽകുമാർ, മെഡിക്കൽ ഓഫീസർ ഡോ.ദിവ്യ ആർ ജയൻ, ഡോ.രേണു സ്വാമി ദാസ്, ഡോ.നവീൻ, ആശുപത്രി ജീവനക്കാർ, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു.